കോഴിക്കോട്: കോണ്‍ഗ്രസിനുള്ളിലെ ചായക്കോപ്പയിലെ ചെറിയ കാറ്റിനെ കൊടുങ്കാറ്റാക്കി പ്രചരിപ്പിക്കരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. ഉമ്മന്‍ചാണ്ടി യു.ഡി.എഫ്. യോഗത്തില്‍നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ല. സംസാരിക്കാന്‍ സമയം കിട്ടിയിട്ടില്ല. ജനാധിപത്യ പാര്‍ട്ടിയില്‍ നേരിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ്. നേതൃയോഗത്തിൽനിന്ന് വിട്ടുനിന്നു

തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ്. നേതൃയോഗത്തിൽനിന്ന് വിട്ടുനിന്നു. ഇരുവരും തലസ്ഥാനത്ത് ഉണ്ടായിട്ടും മുന്നണി നേതൃയോഗത്തിനെത്തിയില്ല. മുൻ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും എത്തിയില്ല. തിരുവനന്തപുരത്തില്ലാത്ത കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പങ്കെടുത്തില്ലെങ്കിലും മുതിർന്ന നേതാക്കളുടെ വിട്ടുനിൽക്കലുമായി അതിനു ബന്ധമില്ല.

കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അടങ്ങുന്ന പുതിയനേതൃത്വം ഏകപക്ഷീയമായി നീങ്ങുന്നുവെന്നാണ് മുതിർന്നനേതാക്കളുടെ ആക്ഷേപം. ഇരുനേതാക്കളും പരസ്പരം ആലോചിച്ചാണ് യോഗത്തിൽനിന്ന് മാറിനിന്നത്.

സുധാകരനെയും സതീശനെയും നിയന്ത്രിക്കുന്നത് കെ.സി. വേണുഗോപാലാണെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരാണ് ഭാരവാഹികളായവരിൽ ഏറെയെന്നും എ, ഐ ഗ്രൂപ്പുകൾ കുറ്റപ്പെടുത്തുന്നു. ഒരുവശത്ത് ഗ്രൂപ്പിന് അതീതമാണ് കാര്യങ്ങളെന്നു പറയുകയും മറുവശത്ത് വേണുഗോപാലിന്റെ പേരിൽ ഗ്രൂപ്പുണ്ടാക്കാൻ സംസ്ഥാനനേതൃത്വം ചൂട്ടുപിടിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

പങ്കെടുക്കാത്ത നേതാക്കളോട് കാരണം അന്വേഷിക്കുമെന്നു പറഞ്ഞ് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ഒഴിഞ്ഞുമാറി. ഉമ്മൻചാണ്ടിയും രമേശും നേരിട്ട് പ്രതികരിച്ചില്ലെങ്കിലും അവരുമായി അടുപ്പമുള്ളവർ പ്രതിഷേധമാണ് വിട്ടുനിൽക്കാൻ കാരണമെന്ന് സ്ഥിരീകരിച്ചു.

ഉമ്മൻ ചാണ്ടിയുടെ പരാതിയിലും നടപടിയുണ്ടായില്ല

സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഡി.സി.സി. തലംവരെ പുനഃസംഘടന നടത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ ഉമ്മൻചാണ്ടി സോണിയാ ഗാന്ധിയെക്കണ്ട് പരാതിപ്പെട്ടിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അച്ചടക്കനടപടി ഏകപക്ഷീയമാകുന്നുവെന്നും അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാതിരുന്നത് ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചു.

കെ.പി.സി.സി. സെക്രട്ടറിമാരുടെ പട്ടിക നൽകിയില്ല

പുനഃസംഘടനയുടെ ഭാഗമായി കെ.പി.സി.സി. സെക്രട്ടറിമാരായി നിർദേശിക്കുന്നവരുടെ പട്ടിക ഉമ്മൻചാണ്ടിയോടും രമേശിനോടും നേതൃത്വം ചോദിച്ചെങ്കിലും ഇരുവരും നൽകിയില്ല. മുൻപ് നൽകിയ പട്ടികയിൽനിന്ന് മുൻഗണന തെറ്റിച്ച് നിയമനം നടത്തിയതിനാൽ കാര്യങ്ങൾ വ്യക്തമായ ശേഷം പട്ടിക നൽകാമെന്നാണ് നിലപാട്.

എ, ഐ ഗ്രൂപ്പുകളുടെ പരാതികൾ

* സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാൻ ശ്രമം. നവംബർ ഒന്നിന് അംഗത്വവിതരണം ഉദ്ഘാടനം ചെയ്തെങ്കിലും മുന്നോട്ടുപോയില്ല.

* വിശദീകരണം ചോദിക്കാതെ അച്ചടക്ക നടപടിയെടുക്കുന്നു. അച്ചടക്കസമിതി രൂപവത്കരിച്ചിട്ടില്ല. നടപടി ഏക്ഷപക്ഷീയമാകുന്നു. വി.എം. സുധീരനെ അപമാനിച്ചവർക്കെതിരേപ്പോലും നടപടിയില്ല.

* രാഷ്ട്രീയകാര്യസമിതി വിളിക്കാൻ കത്തിലൂടെ ആവശ്യപ്പെട്ടിട്ടും നടപടിയില്ല.

* കെ. സുധാകരൻ മുതിർന്ന നേതാക്കളോട് ഒന്നും ആലോചിക്കുന്നില്ല.

ഔദ്യോഗികനേതൃത്വം പറയുന്നത്

* മെറിറ്റ് അടിസ്ഥാനമാക്കി മുന്നോട്ടുപോകാനാണ് ശ്രമം. ഗ്രൂപ്പ് അടിസ്ഥാനത്തിൽമാത്രം നിയമനം പറ്റില്ല.

* പുനഃസംഘടന ഇപ്പോൾ നടന്നില്ലെങ്കിൽ ഒരു വർഷത്തോളം താഴെത്തട്ടിൽ പ്രവർത്തിക്കാൻ ആളില്ലാതെ വരും. പുനഃസംഘടന നടത്താൻ ഹൈക്കമാൻഡ് അനുമതിയുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് എ.ഐ.സി.സി. നിർദേശപ്രകാരം നടക്കും.

* ഇപ്പോഴത്തെ എതിർപ്രചാരണങ്ങൾ താഴെത്തട്ടിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപവത്കരണത്തെ ബാധിക്കും.

* മുതിർന്ന നേതാക്കളോട് കൂടിയാലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. കെ.പി.സി.സി. എക്സിക്യുട്ടീവിൽ എല്ലാ കാര്യവും ചർച്ച ചെയ്തിട്ടുണ്ട്. പരാതികൾ പരിഹരിക്കും.

* ആവശ്യമായ സന്ദർഭങ്ങളിൽ അച്ചടക്ക നടപടി സ്വീകരിച്ചേ മതിയാകൂ.