തിരുവനന്തപുരം: 2008-നുമുമ്പ് നികത്തിയ നിലം പുരയിടമായി തരംമാറ്റാനുള്ള നിരക്ക് പഞ്ചായത്ത്, കോർപ്പറേഷൻ വ്യത്യാസമില്ലാതെ ഏകീകരിച്ചു. 25 സെന്റ് വരെയുള്ള ഭൂമിയുടെ തരംമാറ്റം സൗജന്യമാക്കുകയും ചെയ്തു.

2017 ഡിസംബർ 30-നുമുമ്പ് പ്ലോട്ട് തിരിച്ച് പ്രത്യേക പ്രമാണമുള്ള ഭൂമിക്കാണ് സൗജന്യം അനുവദിക്കുക. 2017 ഡിസംബർ 30 വരെ ഒന്നായിക്കിടന്ന ഭൂമി അതിനുശേഷം 25 സെന്റോ അതിൽ താഴെയോ ഉള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിൽ സൗജന്യം കിട്ടില്ല.

അതത് പ്രദേശത്തെ ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനം ഈടാക്കിയാണ് തരംമാറ്റം അനുവദിക്കുക. 20.23 ആർ വരെയുള്ള ഭൂമിക്ക് പഞ്ചായത്തിൽ ന്യായവിലയുടെ 10 ശതമാനവും മുനിസിപ്പാലിറ്റിയിൽ 20 ശതമാനവും കോർപ്പറേഷനിൽ 30 ശതമാനവുമാണ് ഫീസ്.

25 സെന്റിനു മുകളിൽ ഒരേക്കർ വരെയുള്ള ഭൂമിക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വ്യത്യാസമില്ലാതെ ന്യായവിലയുടെ പത്തുശതമാനം അടച്ചാൽ മതി. ഒരേക്കറിനു മുകളിലുള്ള ഭൂമിക്ക് ന്യായവിലയുടെ 20 ശതമാനമായിരിക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വ്യത്യാസമില്ലാതെ നിരക്ക്. തരംമാറ്റിയ ഭൂമിയിലുള്ള കെട്ടിടനിർമാണത്തിന് നിലവിലുള്ള നിരക്ക് തുടരും. നിരക്ക് ഏകീകരിച്ചതിന് ഫെബ്രുവരി 25 മുതൽ പ്രാബല്യമുണ്ട്.

തരംമാറ്റൽ നടപടി

* 2018-ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത 4.04 ആർ വരെയുള്ള ഭൂമിയിൽ 120 ചതുരശ്ര മീറ്റർവരെയുള്ള വീടുവെക്കാനും പുനർനിർമാണത്തിനും അനുമതി വേണ്ടാ.

* 2.02 ആർ ഭൂമിയിൽ 40 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വാണിജ്യകെട്ടിടം നിർമിക്കാനും വിപുലീകരിക്കാനും അനുമതി വേണ്ടാ. ഈ പരിധിക്കു മുകളിലുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിൽ വീടുവെക്കാനോ വാണിജ്യ ആവശ്യങ്ങൾക്കോ വേണ്ടി സ്വഭാവ വ്യതിയാനം വരുത്താനാണ് റവന്യൂ അധികാരികൾ അനുമതി നൽകുന്നത്. നിലം 2008-നുമുമ്പ് നികത്തപ്പെട്ടതോ നികന്നുകിടക്കുന്നതോ ആയിരിക്കണം.

* അതത് ആർ.ഡി.ഒ.മാർക്കാണ് അപേക്ഷ നൽകേണ്ടത്. ബന്ധപ്പെട്ട കൃഷിഓഫീസിൽനിന്നു വിശദവിവരം തേടാം.

* 2018-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ചട്ടപ്രകാരമുള്ള നിർദിഷ്ട ഫോറത്തിലാണ് ആർ.ഡി.ഒ.യ്ക്ക് അപേക്ഷ നൽകേണ്ടത്. ഭൂമിയുടെ വിസ്തീർണം 20.23 ആർ വരെയാണെങ്കിൽ ഫോറം ആറും അതിനു മുകളിലാണെങ്കിൽ ഫോറം ഏഴും ഉപയോഗിക്കണം. അപേക്ഷാ ഫീസ് 1000 രൂപ. രേഖകളുടെ പകർപ്പടക്കം മൂന്നു സെറ്റ് അപേക്ഷയാണു സമർപ്പിക്കേണ്ടത്. അതത് പ്രദേശത്തെ ഭൂമിയുടെ ന്യായവില സംബന്ധിച്ച വിവരങ്ങളും നൽകണം.

* കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരുടെ അന്വേഷണ റിപ്പോർട്ട്, ഭൂമി 2008-നു മുമ്പ് നികത്തപ്പെട്ടതാണെന്നു തെളിയിക്കുന്ന ഉപഗ്രഹ ചിത്രം (ആവശ്യമെങ്കിൽ) എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംമാറ്റം അനുവദിക്കുക. ഡേറ്റാബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയാണെന്നു തെളിയിക്കാനാണ് ഉപഗ്രഹചിത്രം ഹാജരാക്കേണ്ടത്.

* തരംമാറ്റം അനുവദിക്കപ്പെട്ടാൽ ന്യായവിലയുടെ നിശ്ചിത ശതമാനം അടച്ച് ക്രമപ്പെടുത്താൻ അനുമതി ലഭിക്കും. തരംമാറ്റം അനുവദിച്ചാൽ വില്ലേജ് ഓഫീസർ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് തണ്ടപ്പേരിൽ മാറ്റംവരുത്തും.