തിരുവനന്തപുരം: കോവിഡുമൂലം ഒരിടവേളയ്ക്കു ശേഷം വിദ്യാർഥികൾ വീണ്ടും കലാലയങ്ങളിലേക്ക്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ ബിരുദാനന്തരബിരുദ ക്ലാസുകളിലെ അവസാന വർഷ വിദ്യാർഥികൾക്കാണ് തിങ്കളാഴ്ച ക്ലാസ് ആരംഭിക്കുന്നത്. എൻജിനിയറിങ് കോളേജുകളിൽ നിലവിലുള്ള രീതിയിൽ ആറുമണിക്കൂർ ദിവസേന ക്ലാസ് നടത്താം. ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ച വിദ്യാർഥികൾക്കാണ് ക്ലാസിൽ വരാൻ പറ്റുക.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ മുഴുവൻ കോളേജുകളിലെയും എല്ലാ വർഷ ക്ലാസുകളും മറ്റ് പരിശീലന ക്ലാസുകളും ആരംഭിക്കും. അതുവരെ ഓൺലൈനായി ക്ലാസ് തുടരും.

പി.ജി. ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾക്കും എല്ലാദിവസവും ക്ലാസിലെത്താം. ബിരുദ വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ട ദിവസങ്ങളിലാകും ക്ലാസ്. സ്ഥലസൗകര്യമുള്ള കോളജുകളിൽ ബിരുദ ക്ലാസുകൾ പ്രത്യേക ബാച്ചുകൾ ദിവസേന നടത്തും. ഹോസ്റ്റലുകളും തുറക്കും.

college
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നുള്ള ദൃശ്യം |ഫോട്ടോ: സാജൻ വി. നമ്പ്യാർ

ക്ലാസുകൾ ഒറ്റ സെഷനിൽ 8.30 മുതൽ 1.30 വരെ നടത്താനാണ് നിർദേശം. അല്ലെങ്കിൽ ഒൻപത് മുതൽ മൂന്നുവരെ, 9.30 മുതൽ 3.30 വരെ, 10 മുതൽ നാലുവരെ എന്നീ സമയക്രമങ്ങളിലൊന്നിൽ ക്ലാസ് നടത്താം. ആഴ്ചയിൽ 25 മണിക്കൂർ അധ്യയനം വരത്തക്ക രീതിയിൽ ഓൺലൈൻ, ഓഫ്‌ലൈൻ സമ്മിശ്രമാക്കിയാണ് ക്ലാസുകൾ.

ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർ, ഗർഭിണികൾ, അപകടകരമായ രോഗങ്ങൾ ബാധിച്ചവർ എന്നീ വിഭാഗത്തിലുള്ള അധ്യാപക-അനധ്യാപക ജീവനക്കാരെ വർക് ഫ്രം ഹോം വ്യവസ്ഥയിൽ തുടരാൻ അനുമതിയുണ്ട്. ഈ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ഹാജർ നിർബന്ധമാക്കില്ല. വാക്സിൻ എടുക്കാത്ത വിദ്യാർഥികൾക്കായി സ്ഥാപനങ്ങളിൽ വാക്സിനേഷൻ യജ്ഞം നടത്തും.