പാലാ: സെയ്ന്റ് തോമസ് കോളേജ് കാന്പസിൽ വിദ്യാർഥി സഹപാഠിയെ കഴുത്തറത്തുകൊന്നത് പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയശേഷം.

പോലീസ് പറയുന്നത്: പ്രതിയും നിഥിനാ മോളും പ്രണയത്തിലായിരുന്നു. സമീപകാലത്ത് പെൺകുട്ടിയുടെ ഫെയ്‌സ്ബുക്കിൽ മറ്റൊരു യുവാവിന്റെ ചിത്രം കണ്ടതിനെച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. കഴിഞ്ഞ ബുധനാഴ്ച വൈവ പരീക്ഷയ്ക്ക് ഇരുവരും എത്തിയിരുന്നു. എന്നാൽ, ചില റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാൽ അഭിഷേകിനെ പരീക്ഷയെഴുതിച്ചില്ല. അന്ന് പെൺകുട്ടിയുടെ മൊബൈൽ അഭിഷേക് എടുത്തുകൊണ്ടുപോയി.

നിഥിനയെ കൊലപ്പെടുത്തണമെന്ന് താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി മൊഴിനൽകി. നിഥിന സമീപകാലത്ത് അകൽച്ചകാണിച്ചു. സ്വയം കൈയിൽ മുറിവേല്പിച്ച് ഭയപ്പെടുത്താനാണ് കത്തി കൊണ്ടുവന്നത്. മറ്റൊരു യുവാവുമൊത്തുള്ള ഫോട്ടോയുടെ കാര്യം ചോദിച്ചപ്പോൾ പെൺകുട്ടി മറുപടി പറയാത്തതിനാൽ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കഴുത്തറുത്തത്.

സ്വന്തം വീട്ടുകാർക്ക് പ്രണയത്തിൽ എതിർപ്പുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് താൻ ഒരുവർഷംമുമ്പ് സ്വന്തം തല ഇടിച്ചുപൊട്ടിച്ചിരുന്നെന്നും പ്രതി വെളിപ്പെടുത്തി. മൊഴികൾ വിശ്വസനീയമല്ലെന്നും കൊലപാതകം ചെയ്യാനുറച്ചാണ് ആയുധവുമായി വന്നതെന്നും പോലീസ് പറയുന്നു.

നിഥിനയുടെ മൃതദേഹം ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. ഉച്ചയോടെ സംസ്കാരം നടത്തുമെന്ന് വൈക്കം എം.എൽ.എ. സി.കെ. ആശ അറിയിച്ചു.