ചെറുതോണി(ഇടുക്കി): പ്രണയാഭ്യർഥന നിരസിച്ചതിന് കോളേജ് വിദ്യാർഥിനിയെ സഹപാഠി ക്ലാസ്‌ മുറിയിലിട്ട് ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ മർദിച്ചതിന് ഹൈറേഞ്ചിലുള്ള സ്വകാര്യ കോളേജിലെ മൂന്നാംവർഷ വിദ്യാർഥി ജിത്തു ജോണിനെതിരേ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

സെപ്റ്റംബർ 18-നാണ് സംഭവം. ഉച്ചയ്ക്ക് ക്ലാസിലേക്ക് വന്ന ജിത്തു, പെൺകുട്ടിയെ മർദിക്കുകയായിരുന്നു. തൊട്ടുമുമ്പ്, ക്ലാസിലെ ആൺകുട്ടികൾ പുറത്തുപോയിരുന്നു. ജിത്തു അക്രമിക്കാൻ വരുന്നെന്ന് അറിഞ്ഞാണ് ഇവർ ഇറങ്ങിപ്പോയതെന്ന് പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്.

ജിത്തു ക്ലാസിൽ കയറിയുടനെ ഇയാളുടെ സുഹൃത്ത് മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു. ജിത്തു പലതവണ പെൺകുട്ടിയുടെ തലയ്ക്ക് ആഞ്ഞടിച്ചു. നിലത്തുവീണപ്പോൾ ഷൂകൊണ്ട് ചവിട്ടി. മറ്റ് പെൺകുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ കോളേജധികൃതരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

അന്നുതന്നെ ജിത്തുവിനെ സസ്പെൻഡ് ചെയ്തു. കോളേജ്‌ അധികൃതർ പെൺ‌കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും മുരിക്കാശേരി പോലീസിനെയും രക്ഷിതാക്കളെയും അറിയിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ പെൺകുട്ടിയുടെ നില ഗുരുതരമായതോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയിൽ താടിയെല്ലിനും കർണപുടത്തിനും പൊട്ടലും തലയ്ക്കും നടുവിനും ചതവും കണ്ടെത്തി.

സഹപാഠികളായ ഇവർ സുഹൃത്തുക്കളായിരുന്നു. ഇതിനിടെ, ജിത്തു പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി. എന്നാൽ, ജിത്തുവിന് ദുശ്ശീലങ്ങളുണ്ടെന്നുപറഞ്ഞ് പെൺകുട്ടി ഇയാളുമായുള്ള സുഹൃദ്ബന്ധം ഉപേക്ഷിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഇടുക്കി പോലീസ് മേധാവിക്ക്‌ പരാതി നൽകി.

Content Highlights: College student attack girl for rejecting love proposal