കോയമ്പത്തൂര്‍: മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ. നേതാവുമായ എസ്.എസ്. പളനിമാണിക്കത്തിന് പണം നല്‍കിയെന്ന പുതിയ ആരോപണവുമായി സരിത എസ്. നായര്‍. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വഞ്ചനക്കേസില്‍ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാവാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് സരിത പുതിയ ആരോപണം ഉന്നയിച്ചത്.
പരിചയമുള്ള ഒരു വ്യക്തിയെ ആദായനികുതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനായി 25 ലക്ഷം രൂപയാണ് മുന്‍ കേന്ദ്രമന്ത്രിക്ക് നല്‍കിയതെന്ന് സരിത പറയുന്നു.
തന്റെ സോളാര്‍ പാനല്‍ സംരംഭവുമായും പളനിമാണിക്കത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞ സരിത, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പതിമൂന്ന് രാഷ്ട്രീയനേതാക്കളുടെ പേരുകളും ഇത് സംബന്ധിച്ച രേഖകളും സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷനുമുമ്പാകെ സമര്‍പ്പിച്ചതായി സരിത പറഞ്ഞു. ഇക്കൂട്ടത്തില്‍ പളനിമാണിക്കത്തിന്റെ പേരുമുണ്ട്. കൂടുതല്‍ പണത്തിനായി പളനിമാണിക്കം തന്നെ ഭീഷണിപ്പെടുത്തിയതായും സരിത ആരോപിച്ചു.