coconutകണ്ണൂർ: നട്ട തൈയുടെ ഗുണമറിയാൻ ഇനി തെങ്ങുവളർന്ന് തേങ്ങ വിളയുന്നതുവരെ കാത്തിരിക്കേണ്ട. മുളച്ച തൈയുടെ ഇലയുടെ ചെറിയ ഭാഗം എടുത്ത് ജീൻ പരിശോധിച്ചാൽ ഗുണമറിയാം; ഇന്ത്യൻ കാർഷികശാസ്ത്രജ്ഞർ തെങ്ങിന്റെ ജനിതക രഹസ്യം കണ്ടെത്തിയതോടെയാണ്‌ ഈ നേട്ടംകൈവന്നത്‌. തെങ്ങിന്റെ പാരമ്പര്യ സ്വഭാവവിശേഷങ്ങൾ നിർണയിക്കുന്നത് 51,953 ജീനുകളാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രം (സെൻട്രൽ പ്ലാന്റേഷൻ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-സി.പി.സി.ആർ.ഐ.), ഡൽഹിയിലെ സസ്യ ജനിതക സാങ്കേതികവിദ്യാ ഗവേഷണ കേന്ദ്രം (നാഷണൽ റിസർച്ച് സെന്റർ ഫോർ പ്ലാന്റ് ബയോടെക്നോളജി-എൻ.ആർ.സി.പി.ബി.) എന്നിവിടങ്ങളിലെ 17 ശാസ്ത്രജ്ഞരാണ് ഗവേഷണത്തിൽ സഹകരിച്ചത്. ഇന്ത്യൻ ഗവേഷകർ തെങ്ങിന്റെ ജനിതകരഹസ്യം കണ്ടെത്തിയ വിവരം 2017 സെപ്‌റ്റംബർ 24-ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ആ ഗവേഷണപ്രബന്ധം അന്താരാഷ്ട്ര ജേണലായ ഇന്റഗ്രേറ്റീവ് ബയോളജിയിൽ പ്രസിദ്ധീകരിച്ചു.

പത്തൊൻപത് പട്ടത്തെങ്ങ് എന്ന് അറിയപ്പെടുന്ന ചാവക്കാട് പച്ചക്കുള്ളൻ എന്ന കുറിയ ഇനം തെങ്ങിലായിരുന്നു ഗവേഷണം.

കാറ്റുവീഴ്ചരോഗത്തെ പ്രതിരോധിക്കുന്ന ഇനമാണ് ചാവക്കാട് പച്ചക്കുള്ളൻ. രോഗപ്രതിരോധശേഷി നൽകുന്ന 112 ഇനം ജീനുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിറം, കൊപ്രയുടെ ഗുണം, വെളിച്ചെണ്ണ തുടങ്ങിയവ സൃഷ്ടിക്കുന്ന ജീനുകളെയും കണ്ടെത്തി.

നിശ്ചിത ഗുണങ്ങളുള്ള തെങ്ങിൻതൈകൾ എളുപ്പം ഉത്‌പാദിപ്പിക്കാമെന്നതാണ് ഈ കണ്ടെത്തലുകളുടെ സവിശേഷത. ഈ കണ്ടെത്തൽ കർഷകരിലേക്ക് എത്താൻ അല്പകാലംകൂടി വേണ്ടിവന്നേക്കുമെന്ന് ഗവേഷകർ സൂചിപ്പിച്ചു.

ജീനുകൾ 26,855 ചെറുകഷണങ്ങളായാണ് (സ്‌കാഫോൾഡിങ്‌) ജീനോമിന്റെ വിവിധ ഭാഗങ്ങളിൽ കിടക്കുന്നത്.

ജനിതകഘടനയുടെ 77.29 ശതമാനവും ആവർത്തനങ്ങൾ.

ഗുണമേന്മയുടെ അടിസ്ഥാനത്തിൽ സംഗ്രഹിച്ചപ്പോൾ കിട്ടിയത് 13,707 ജീനുകൾ.

ഇവ ഉത്‌പാദിപ്പിക്കുന്നത് 11,181 ഇനം പ്രോട്ടീനുകൾ.