വടക്കഞ്ചേരി: ചെറുകിട-ഇടത്തരം കേരകര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കേരഫെഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പച്ചത്തേങ്ങ സംഭരണം പ്രതിസന്ധിയില്‍. കൃഷിഭവന്‍വഴി നാലുമാസംമുന്‍പ് ബുക്ക്‌ചെയ്തിട്ടും നിശ്ചിത നീയതിക്ക് തേങ്ങ സംഭരിക്കാത്തതാണ് പ്രശ്‌നമായത്. ഇപ്പോള്‍ ബുക്കുചെയ്യുന്നവര്‍ക്ക് ഒക്ടോബറിലാണ് സംഭരണത്തീയതി ലഭിക്കുന്നത്. വിളവെടുത്ത തേങ്ങ നാലുമാസം വെച്ചുകൊണ്ടിരുന്നാല്‍ മുളച്ച് നശിച്ചുപോകും. സംഭരിച്ച തേങ്ങയുടെ പണം നല്‍കാന്‍ വൈകുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കിലോയ്ക്ക് 25 രൂപ നിരക്കിലാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കര്‍ഷകര്‍ക്ക് ഇത് വലിയൊരളവോളം ആശ്വാസവുമായിരുന്നു. എന്നാല്‍, തേങ്ങ സംഭരിച്ച വകയില്‍ മെയ് ആദ്യവാരംവരെ സംസ്ഥാനത്ത് 43 കോടി രൂപ കുടിശ്ശികയാണ്. തേങ്ങവില യഥാസമയം ലഭിക്കാതായതോടെ തെങ്ങുകള്‍ക്ക് നടത്തേണ്ട വിളപരിപാലനംപോലും നടത്താനായിട്ടില്ല.ഇത്തവണത്തെ കടുത്ത വരള്‍ച്ച അടുത്ത സീസണിലെ നാളികേര ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ് പച്ചത്തേങ്ങ സംഭരണം കാര്യമായി നടക്കുന്നത്. ഇവിടങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്ന് 15 രൂപയ്ക്ക് തേങ്ങ സംഭരിക്കുന്ന ഇടനിലക്കാര്‍ കൃത്രിമ രേഖകളുടെ സഹായത്തോടെ കേരഫെഡിന് തേങ്ങ കൈമാറി വന്‍ വെട്ടിപ്പുനടത്തുന്നതായും പരാതിയുയര്‍ന്നിരുന്നു. അതിനിടയിലാണ് യഥാര്‍ഥ കര്‍ഷകര്‍ സംഭരിച്ച തേങ്ങയുടെ വിലകിട്ടാതെ വലയുന്നത്.
അതേസമയം, നാളികേരം കൊപ്രയാക്കുന്ന കേന്ദ്രങ്ങളില്‍ അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയാണ് സംഭരണം പ്രതിസന്ധിയിലാക്കിയതെന്ന് കേരഫെഡ് എം.ഡി. ആര്‍. അശോക് പറഞ്ഞു. ഇപ്പോഴുള്ള പ്രതിസന്ധി താത്കാലികമാണെന്നും മഴ മാറിയാല്‍ സംഭരണം വേഗത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കര്‍ഷകര്‍ രജിസ്റ്റര്‍ചെയ്തതും സംഭരണത്തിന് കാലതാമസം നേരിടാനിടയാക്കിയിട്ടുണ്ട്.
മുന്‍പ് പ്രതിദിനം ആയിരം ടണ്ണില്‍ താഴെ സംഭരണം നടന്നിരുന്ന സ്ഥാനത്ത് 1,600 ടണ്ണിലേറെയായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.