കൊച്ചി: കൊച്ചി കാൻസർ സെന്ററിന്റെ നിർമാണത്തിൽ കരാർ കമ്പനിക്കും ഇൻകെലിനും വീഴ്ചയുണ്ടായെന്ന് കിഫ്ബി. കിഫ്ബിയുടെ ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. നിർമാണ കരാറിൽ നിന്നൊഴിവാക്കിയതിനെതിരേ പി.ആൻഡ് സി. പ്രോജക്ട്സ് എന്ന കമ്പനി നൽകിയ ഹർജിയിലാണ് കിഫ്ബിയുടെ വിശദീകരണം. ഹർജി സിംഗിൾ ബെഞ്ച് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.

കരാർ കമ്പനിയുടെ നിർമാണത്തിൽ അപാകമുണ്ടെന്നു കണ്ടെത്തി 2018 ഡിസംബറിൽ തന്നെ മെമ്മോ നൽകിയിരുന്നതായി വിശദീകരണത്തിലുണ്ട്. നിർമാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2019 നവംബർ ഏഴിന് ഇൻകെലിനും സർക്കാരിനും കത്തു നൽകിയിരുന്നു. ഇതിന് 18 ദിവസം കഴിഞ്ഞ് നവംബർ 25-നാണ് പോർച്ച് സ്ളാബ് തകർന്നു വീണത്.

കിഫ്ബിയുടെ വിദഗ്ദ്ധ സമിതി നൽകിയ റിപ്പോർട്ടിൽ ഇൻകെലിനും കരാറുകാർക്കും വീഴ്ചയുണ്ടെന്ന് പറഞ്ഞിരുന്നു. തൂണുകളിൽ കോൺക്രീറ്റ് മിശ്രിതം ശരിയായി ചേർത്തിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.

നിർമാണ സൈറ്റിൽ സുരക്ഷാ ക്രമീകരണങ്ങളും കുറവായിരുന്നു. പോരായ്മകൾ പരിഹരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരാർ കമ്പനിയെ തുടരാൻ അനുവദിച്ചത്. പദ്ധതി വൈകുന്നതിനെക്കുറിച്ച് കാൻസർ സെന്റർ ഡയറക്ടർ കഴിഞ്ഞ ജൂലായിൽ കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നേരത്തെ നൽകിയ നിർദേശങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തി.

സ്ളാബുകളിലെ വിള്ളൽ, ചോർച്ച തുടങ്ങിയവയും ശ്രദ്ധയിൽപ്പെട്ടിരുന്നു. പദ്ധതി നടപ്പാക്കാൻ രൂപം നൽകിയ ഇൻകെലിന് നിർമാണം ശരിയായി നടക്കുന്നെന്ന് ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Content Highlight: cochin cancer center, KIIFB