തിരുവനന്തപുരം: രാജ്യത്തെ കൽക്കരിക്ഷാമം കാരണം താപവൈദ്യുത നിലയങ്ങളിൽനിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതിനാൽ കേരളത്തിൽ നേരിയതോതിൽ വൈദ്യുതി നിയന്ത്രണമുണ്ടാവും. എന്നാൽ, ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

വൈദ്യുതി ഉപയോഗം കുറച്ചുനിർത്തിയാലേ പ്രതിസന്ധി മറികടക്കാനാവൂ. അതിന്റെ ഭാഗമായാണ് നിയന്ത്രണം. ഉപയോക്താക്കൾ കുറഞ്ഞ പ്രദേശങ്ങളിലെ ഫീഡറുകൾ അല്പനേരം നിർത്തിയും വോൾട്ടേജ് നിയന്ത്രിച്ചുമാണ് ഇപ്പോൾ ഉപയോഗം കുറയ്ക്കുന്നത്. ഇത് തുടരും. മഴപെയ്യുന്നതിനാൽ ആവശ്യകതയിൽ വർധനയുണ്ടാകാത്തത് ആശ്വാസമാണ്.

വൈകുന്നേരം ആറരമുതൽ രാത്രി 11 വരെ ഉപയോഗം കൂടിനിൽക്കുന്ന സമയത്ത് 70 ശതമാനവും പുറത്തുനിന്നുള്ള താപവൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് നിയന്ത്രണം വേണ്ടിവരുന്നത്.

വൈദ്യുതി ലഭ്യതയിൽ ഇപ്പോൾ 15 ശതമാനമാണ് കുറവ്. ഇത് 20 ശതമാനത്തിൽ ഏറെയായാൽ സംസ്ഥാനത്ത് രാത്രി 15 മിനിറ്റെങ്കിലും നിയന്ത്രണം വേണ്ടിവരും. ഇതൊഴിവാക്കാനാണ് ശ്രമം.