തിരുവനന്തപുരം: രാജ്യത്തെ കല്‍ക്കരിക്ഷാമം കാരണം താപവൈദ്യുത നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതിനാല്‍ കേരളത്തില്‍ നേരിയതോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാവും. എന്നാല്‍, ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വൈദ്യുതി ഉപയോഗം കുറച്ചുനിര്‍ത്തിയാലേ പ്രതിസന്ധി മറികടക്കാനാവൂ. അതിന്റെ ഭാഗമായാണ് നിയന്ത്രണം.

ഉപയോക്താക്കള്‍ കുറഞ്ഞ പ്രദേശങ്ങളിലെ ഫീഡറുകള്‍ അല്പനേരം നിര്‍ത്തിയും വോള്‍ട്ടേജ് നിയന്ത്രിച്ചുമാണ് ഇപ്പോള്‍ ഉപയോഗം കുറയ്ക്കുന്നത്. ഇത് തുടരും. മഴപെയ്യുന്നതിനാല്‍ ആവശ്യകതയില്‍ വര്‍ധനയുണ്ടാകാത്തത് ആശ്വാസമാണ്.

വൈകുന്നേരം ആറരമുതല്‍ രാത്രി 11 വരെ ഉപയോഗം കൂടിനില്‍ക്കുന്ന സമയത്ത് 70 ശതമാനവും പുറത്തുനിന്നുള്ള താപവൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് നിയന്ത്രണം വേണ്ടിവരുന്നത്. വൈദ്യുതി ലഭ്യതയില്‍ ഇപ്പോള്‍ 15 ശതമാനമാണ് കുറവ്. ഇത് 20 ശതമാനത്തില്‍ ഏറെയായാല്‍ സംസ്ഥാനത്ത് രാത്രി 15 മിനിറ്റെങ്കിലും നിയന്ത്രണം വേണ്ടിവരും. ഇതൊഴിവാക്കാനാണ് ശ്രമം.

നിലവില്‍ തടസ്സമുള്ളത് കേരളത്തിന് വൈദ്യുതി കിട്ടുന്ന മൂന്ന് നിലയങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്ത് 27 താപനിലയങ്ങളിൽനിന്നാണ് കേരളത്തിന് വൈദ്യുതി കിട്ടുന്നത്. ഇതിൽ മൂന്നുനിലയങ്ങളിൽനിന്നാണ് വൈദ്യുതി തടസ്സപ്പെട്ടത്. കേരളം വൈദ്യുതി വാങ്ങുന്ന പ്രധാന നിലയങ്ങൾക്ക് സ്വന്തമായി കൽക്കരിഖനികളുണ്ട്. അവയെ ഇപ്പോൾ ക്ഷാമം ബാധിച്ചിട്ടില്ല.

എന്നാൽ, പ്രതിസന്ധി ഈ നിലയങ്ങളിലേക്കും നീണ്ടാൽ കേരളത്തിൽ കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതിബോർഡ് ചെയർമാൻ ഡോ. ബി. അശോക് പറഞ്ഞു. ഈ മാസം 19-ഓടെ സ്ഥിതി മെച്ചപ്പെടാനാണു സാധ്യത.

രണ്ടുകോടി അധികം ചെലവിടും

വൈദ്യുതിലഭ്യത വിലയിരുത്താൻ ഞായറാഴ്ച കെ.എസ്.ഇ.ബി. യോഗംചേർന്നു. കൂടുതൽ നിയന്ത്രണം ഒഴിവാക്കാൻ വൈദ്യുതി വാങ്ങാൻ ദിവസേന രണ്ടുകോടിരൂപ അധികം ചെലവിടാൻ യോഗത്തിൽ തീരുമാനമായി. ഉത്പാദനം മുടങ്ങിക്കിടക്കുന്ന കോഴിക്കോട് നല്ലളത്തെ ഡീസൽ വൈദ്യുതനിലയം പ്രവർത്തനസജ്ജമാക്കും. ഇവിടെയുണ്ടാക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 19 രൂപവരെ വിലവരും. കൂടങ്കുളം ആണവനിലയത്തിൽനിന്ന് മുടങ്ങിയിരുന്ന 130 മെഗാവാട്ട് വൈദ്യുതി കിട്ടാൻ തുടങ്ങിയിട്ടുമുണ്ട്.

വൈദ്യുതി ഉപയോഗം ഇങ്ങനെ

പീക് അവർ- രാത്രി 6.30-11.00

ആകെ വേണ്ടത്- 3750 മെഗാവാട്ട്

കൽക്കരി നിലയങ്ങളിൽനിന്ന്- 2500 മെഗാവാട്ട്

ജലവൈദ്യുതി- 1000 മെഗാവാട്ട്

ആണവ വൈദ്യുതി-250 മെഗാവാട്ട്

നിയന്ത്രണം വേണ്ടിവരും

വൈദ്യുതിക്ഷാമം തുടര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരും. ഇത് വ്യവസായ മേഖലയെ ബാധിക്കാത്ത തരത്തില്‍ നടപ്പാക്കാനാണ് ശ്രമം - മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ഏഴു സംസ്ഥാനങ്ങളില്‍ പവര്‍കട്ട്

മനോജ് മേനോന്‍

ന്യൂഡല്‍ഹി: കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ രാജ്യം കടുത്ത ഊര്‍ജ പ്രതിസന്ധിയില്‍. 135 താപവൈദ്യുത നിലയങ്ങളില്‍ 104 എണ്ണവും കടുത്ത കല്‍ക്കരി ക്ഷാമം നേരിടുന്നു. പകുതിയിലേറെ താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരിശേഖരം ഏതാനും ദിവസങ്ങളിലേക്കുമാത്രമേ തികയൂ എന്നാണ് റിപ്പോര്‍ട്ട്. ചില പ്ലാന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. വിവിധ സംസ്ഥാനങ്ങള്‍ പവര്‍കട്ടും ലോഡ് ഷെഡിങ്ങും നടപ്പാക്കിത്തുടങ്ങി.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നാലുമുതല്‍ 14 മണിക്കൂര്‍ വരെയാണ് പവര്‍കട്ട്.

രണ്ട് ദിവസത്തിനുള്ളില്‍ കല്‍ക്കരി ക്ഷാമം പരിഹരിച്ചില്ലെങ്കില്‍ രാജ്യതലസ്ഥാനം ഇരുട്ടിലാകുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

എന്നാല്‍, രാജ്യത്ത് വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ കല്‍ക്കരിയുണ്ടെന്നും വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകില്ലെന്നും കേന്ദ്ര കല്‍ക്കരി മന്ത്രാലയം അവകാശപ്പെട്ടു.

കല്‍ക്കരി ക്ഷാമത്തെക്കുറിച്ച് അനാവശ്യ പരിഭ്രാന്തി പരത്തുകയാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ. സിങ് പ്രതികരിച്ചു.പ്രതിസന്ധി വ്യവസായങ്ങളെയും ബാധിച്ചിട്ടുണ്ട്. സൂറത്തിലെ ടെക്സ്‌റ്റൈയില്‍ വ്യവസായം ഒരു മാസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്.