തിരുവനന്തപുരം : സഹകരണ ബാങ്കുകളുടെ ക്രമക്കേട് പരിശോധിക്കാൻ സഹകരണ വിജിലൻസ് സംവിധാനം ശക്തമാക്കുന്നു. ഇതിന് നേതൃത്വം നൽകാൻ സംസ്ഥാനതലത്തിൽ ഡി.ഐ.ജി.യെയും മൂന്നു മേഖലകളിലായി എസ്.പി. റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കും. സഹകരണവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ഓഡിറ്റ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ വിജിലൻസിനെ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരും. ഇതിന് സഹകരണ നിയമത്തിൽ ഭേദഗതി വരുത്തും. വി.എസ്. സർക്കാരിന്റെ കാലത്ത് മന്ത്രി ജി. സുധാകരനാണ് സഹകരണ പോലീസ് വിജിലൻസ് സംവിധാനം കൊണ്ടുവന്നത്. എന്നാൽ, പോലീസ് പരിശോധന വരുന്നതിനെ വകുപ്പ് ഉദ്യോഗസ്ഥർ എതിർത്തു. പിന്നീടുവന്ന യു.ഡി.എഫ്. ഇത് നിർജീവമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇതേ അവസ്ഥതന്നെയായിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് വിജിലൻസിനെ ശക്തിപ്പെടുത്താൻ വീണ്ടും തീരുമാനിച്ചത്. ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മേഖലാ വിജിലൻസ് സംഘത്തിന് പരാതിയിൽ നേരിട്ട് ഇടപെടാനുള്ള വ്യവസ്ഥയാണ് കൊണ്ടുവരിക. ഇവർക്ക് കേസ് രജിസ്റ്റർ ചെയ്യാൻ അനുമതിനൽകുന്നത് സഹകാരികളുടെ അഭിപ്രായംകൂടി കേട്ടശേഷമായിരിക്കും.

ഓഡിറ്റിലും മാറ്റം

സഹകരണ സംഘങ്ങളുടെ ഓഡിറ്റ് പരിശോധനയിലും മാറ്റമുണ്ടാകും. കണക്ക് പരിശോധിക്കാൻ ‘ഒരു ടീം’ രൂപവത്കരിക്കും. ഇങ്ങനെ തയ്യാറാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പ്രത്യേക ഓഡിറ്റ് സംഘം പരിശോധിക്കും. ഓഡിറ്റിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപവത്കരിക്കും. ഈ സമിതി അംഗങ്ങൾക്ക് ഏതൊക്കെ ജില്ലകൾ പരിശോധിക്കാമെന്ന് നിശ്ചയിച്ചുനൽകും. സഹകരണ ബാങ്കുകളുടെ ഇടപാടുകൾ സഹകരണസംഘം രജിസ്ട്രാർ ഓഫീസിൽനിന്ന് പരിശോധിക്കാനാവുന്ന സോഫ്റ്റ്‌വേർ സംവിധാനവും കൊണ്ടുവരും.

പണയവസ്തു മൂല്യനിർണയ അധികാരിയെ നിശ്ചയിക്കും -മന്ത്രി

പ്രാഥമിക സഹകരണ ബാങ്കുകൾ നൽകുന്ന വായ്പയ്ക്ക് പണയവസ്തുവിന്റെ മൂല്യം നിർണയിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

സാധാരണക്കാർക്ക് വായ്പകിട്ടുന്ന ജനകീയ സ്ഥാപനമാണ് സഹകരണ സംഘങ്ങൾ. അതിന് തടസ്സമില്ലാത്തവിധത്തിൽ പുതിയ ക്രമീകരണം ഒരുക്കുന്നത് പരിഗണിക്കും. അഞ്ചോ പത്തോ ലക്ഷത്തിന് മുകളിൽ വായ്പനൽകുമ്പോൾ പണയവസ്തു വാല്വേഷൻ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത് ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.