കണ്ണൂര്‍: സി.എം.പി. അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി മുതിര്‍ന്നനേതാവും പാര്‍ട്ടി സെക്രട്ടറിയുമായ എം.കെ. കണ്ണന് സാധ്യത. അരവിന്ദാക്ഷന്റെ നിര്യാണത്തിനുശേഷം ആദ്യമായി സംസ്ഥാന കൗണ്‍സില്‍യോഗം ഒക്ടോബര്‍ പത്തിന് എറണാകുളത്ത് ചേരും. യോഗത്തില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും. പാര്‍ട്ടി സി.പി.എമ്മില്‍ ലയിക്കണോ എന്നകാര്യവും ചര്‍ച്ചയില്‍വരും.

പാര്‍ട്ടി പിളര്‍ന്നശേഷം അവിഭക്ത സി.എം.പി.യിലെ എട്ട് സെക്രട്ടറിമാരില്‍ സി.പി. ജോണ്‍, സി.എ. അജീര്‍ എന്നിവരൊഴിച്ച് ആറുപേര്‍ അരവിന്ദാക്ഷന്‍ വിഭാഗത്തിലായിരുന്നു. ഇതില്‍ എം.കെ. കണ്ണന്‍, ജി. സുഗുണന്‍, പാട്യം രാജന്‍, ടി.സി.എച്ച്. വിജയന്‍, എം.എച്ച്. ഷഹരിയാര്‍ എന്നിവരാണ് നിലവിലെ സെക്രട്ടറിമാര്‍.

കെ.ആര്‍. അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ നേരത്തെ ആലുവയില്‍ ചേര്‍ന്ന സി.എം.പി. യോഗത്തിലാണ് ഒരു വിഭാഗം സി.പി.എമ്മുമായി ലയിക്കുന്ന കാര്യം ഉന്നയിച്ചത്. ഘടകകക്ഷിയായി സി.എം.പി.യെ സി.പി.എം. അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് പാര്‍ട്ടിയില്‍ ലയിക്കുന്നതായിരിക്കും നല്ലതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ഭൂരിപക്ഷം പൊളിറ്റ്ബ്യൂറോ അംഗങ്ങളും ഇതിനോട് യോജിക്കുന്നവരാണ്.

കെ.ആര്‍. അരവിന്ദാക്ഷന്‍, എം.കെ. കണ്ണന്‍ തുടങ്ങിയവര്‍ക്ക് ഇതേ മനസ്സായിരുന്നു. ഒരുവിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു. സി.പി.ഐ.യില്‍ ചേരണമെന്ന അഭിപ്രായവും ഉയര്‍ന്നു. സി.പി.എമ്മുമായി പോരടിച്ചുവളര്‍ന്ന അണികള്‍ക്ക് പെട്ടെന്ന് ലയിക്കാന്‍ വിഷമമായിരിക്കുമെന്ന് അവര്‍ പറഞ്ഞു.

ലയനത്തെക്കുറിച്ച് അരവിന്ദാക്ഷന്‍ സംസാരിച്ചതായി സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സൂചിപ്പിച്ചിട്ടുണ്ട്. ലയനമാണ് നല്ലതെന്നാണ് കണ്ണന്റെയും അഭിപ്രായം. അദ്ദേഹം ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ ലയനതീരുമാനത്തിന് ശക്തികൂടും.

നിലവില്‍ സി.എം.പി.ക്ക് ഒരു എം.എല്‍.എ. ഉണ്ടെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിപ്രതിനിധിയായി സി.പി.എം. കണക്കാക്കിയിട്ടില്ല. വിജയന്‍പിള്ളയെ സി.പി.എമ്മാണ് സ്ഥാനാര്‍ഥിയാക്കിയത്. ഉപാധികളില്ലാതെ പാര്‍ട്ടിയില്‍ ചേരുക എന്നതായിരിക്കും സി.പി.എം. ഉദ്ദേശിക്കുന്നത്. ചില നേതാക്കളെ ഭാരവാഹിത്വത്തില്‍ ഉള്‍പ്പെടുത്തിയേക്കാം.

അരവിന്ദാക്ഷന്‍ വിഭാഗം സി.പി.എമ്മില്‍ ലയിക്കുന്നതില്‍ സി.പി. ജോണ്‍വിഭാഗം സന്തോഷത്തിലാണ്. സി.പി.എമ്മില്‍ ലയിക്കുന്നത് നേതാക്കള്‍ മാത്രമായിരിക്കും അണികള്‍ക്ക് താഴെത്തട്ടില്‍ സി.പി.എമ്മിനോട് സഹകരിക്കാനാവില്ലെന്നും ജോണ്‍വിഭാഗത്തിലെ പ്രമുഖനേതാവ് പറഞ്ഞു.