തിരുവനന്തപുരം: ഹിരോഷിമ അണുബോംബ് ദുരന്തസ്മാരകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രമർപ്പിച്ചു. ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിലും മ്യൂസിയത്തിലും സന്ദർശനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ ജനങ്ങൾക്കുവേണ്ടി ദുരന്തസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കാനായതിൽ അഭിമാനമുണ്ടെന്നും ആണവയുദ്ധത്തിന്റെ ഭയാനകതയിലേക്ക് കണ്ണുതുറപ്പിക്കുന്നതാണ് ഈ സ്മാരകമെന്നും അദ്ദേഹം പറഞ്ഞു.
ഹിരോഷിമ നഗരത്തിലെ സിറ്റിസൺസ് അഫേഴ്‌സ് ബ്യൂറോ രാജ്യാന്തര നയതന്ത്രവിഭാഗം ഡയറക്ടർ യൂക്കോ ഷിഗെമിസു, ചീഫ് ഡോ. യാസുകോ ഒശാനെ, ഹിരോഷിമ പീസ് കൾച്ചർ ഫൗണ്ടേഷന്റെ ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം ഡെപ്യൂട്ടി ഡയറക്ടർ കട്‌സ്‌നോബു ഹമോക എന്നിവർ മുഖ്യമന്ത്രിയെയും സംഘാംഗങ്ങളെയും സ്വീകരിച്ചു. ജപ്പാനും ഹിരോഷിമയും സന്ദർശിക്കുന്ന ആദ്യ കേരള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
ഷിമാനെ പ്രിഫെക്ചറും കേരളവും തമ്മിൽ സഹകരണം ശക്തിപ്പെടുത്തും
തിരുവനന്തപുരം: ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും (സംസ്ഥാനം പോലെയുള്ള ഭരണസംവിധാനം) കേരളവും തമ്മിൽ മത്സ്യബന്ധന-ജലവിഭവ വിനിയോഗ മേഖലകളിൽ സഹകരണമാവാമെന്ന് പ്രിഫെക്ചർ ഗവർണർ തത്സുയ മരുയാമ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു. സാനിൻ റീജണിലെ ഒരു പ്രദേശമാണ് ഷിമാനെ പ്രിഫെക്ചർ. കാർഷിക, വന മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് സാനിനിൽ ഇന്ത്യ അസോസിയേഷനുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലെ താരതമ്യേന കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശമാണ് സാനിൻ. സ്വകാര്യ വാഹനങ്ങളാണ് ഗതാഗതത്തിന്റെ ഒരു പ്രധാന മാർഗം. അതിനാൽ റോഡ് മാനേജ്‌മെന്റിൽ താല്പര്യമുള്ളതായും ഗവർണർ മരുയാമ പറഞ്ഞു.
content highlights: CM visits Hiroshima atomic bombing monument