cm raveendran
സി.എം. രവീന്ദ്രന്‍

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ വിളിച്ചവരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും. സ്വപ്നയുടെ മൊഴിയിലെ പരാമർശവും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വെള്ളിയാഴ്ച കൊച്ചിയിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് നോട്ടീസ് നൽകി. രാവിലെ 10-ന് മൊഴിരേഖപ്പെടുത്താനുള്ള നോട്ടീസ് ഇ-മെയിൽ മുഖാന്തരമാണ് അയച്ചിരിക്കുന്നത്.

ശിവശങ്കറിനുപുറമേ ആരൊക്കെ വിളിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് ‘മുഖ്യമന്ത്രിയുടെ പി.എസ്. രവീന്ദ്രൻ വിളിക്കാറുണ്ടായിരുന്നു. വീസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റുമായിട്ടായിരുന്നു വിളികൾ’ എന്നായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്നയുടെ ഫോൺ പരിശോധിച്ചതിൽ സി.എം. രവീന്ദ്രന്റെ നമ്പറിൽനിന്നും വിളികൾ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വീസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് കോൺസുലേറ്റുമായി കരാർ ഉണ്ടായിരുന്ന യു.എ.എഫ്.എക്സ്. സ്ഥാപന ഉടമ അബ്ദുൾ ലത്തീഫ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് ബെംഗളൂരു ഇ.ഡി.യുടെ ആരോപണം. ലത്തീഫിന്റെ കമ്പനിക്ക് വീസ സ്റ്റാമ്പിങ് സംബന്ധിച്ച കരാർ നൽകിയപ്പോൾ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിക്ക് 1.20 കോടിയും സ്വപ്നയ്ക്ക് 26 ലക്ഷവും കമ്മിഷൻ ലഭിച്ചതായും മൊഴിയുണ്ട്.

content highlights: cm raveendran, additional private secretery to cm asked to appear before ed