തിരുവനന്തപുരം: അച്ഛൻ പത്രാധിപരായ പത്രത്തിൽ റിപ്പോർട്ടറായി തുടക്കം. പിന്നീട് ആ പത്രത്തിന്റെ പത്രാധിപസ്ഥാനം. പത്രത്തിലെ ജീവനക്കാർ സഹപ്രവർത്തകർ. അവരുടെ സ്‌നേഹവും വിശ്വാസവുമാർജിച്ച പത്രാധിപരായിരുന്നു എം.എസ്. മണി.

മനുഷ്യന്റെ കഥയാകണം പത്രപ്രവർത്തനമെന്നും അത് സമൂഹത്തിനുനേരെയുള്ള കണ്ണാടിയാകണമെന്നും അദ്ദേഹം നിഷ്‌കർഷിച്ചു. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്ക് അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അത് സത്യത്തെ മൂടിവെക്കുകയോ സത്യത്തിൽനിന്ന് വാർത്തയെ അകറ്റുമെന്നോ അദ്ദേഹം കരുതി.

യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദംനേടിയശേഷമാണ് അദ്ദേഹം കേരളകൗമുദിയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നത്.

ഡൽഹിയിലും പിന്നീട് തിരുവനന്തപുരത്തും എം. എസ്. മണി നേടിയ ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിലെ പത്രാധിപരെ രൂപപ്പെടുത്തിയത്. എ.കെ.ജി. മുതൽക്കുള്ള രാഷ്ട്രീയ നേതാക്കളും ഒ.വി. വിജയൻ, എം.പി. നാരായണപിള്ള, വി.കെ. മാധവൻകുട്ടി തുടങ്ങിയ എഴുത്തുകാരും ഡൽഹി ജീവിതത്തിന്റെ ഭാഗമായിരുന്നു. 1962-ൽ ചൈനീസ് സൈന്യം അസമിലും മേഘാലയയിലും കടന്നുകയറിയത് അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. പരിക്കേറ്റ സൈനികരെ ഏറ്റുവാങ്ങാൻ ബോധിംലയിലെത്തിയ ഇന്ത്യൻ റെഡ്‌ക്രോസ് സൈന്യത്തോടൊപ്പം മണിയുമുണ്ടായിരുന്നു. ബോധിംലയിലെ ആദിവാസികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാർത്തകളും ശ്രദ്ധേയമായി.

കോളേജിലെ പഠനകാലം മുതൽ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്ന മണിയുടെ രാഷ്ട്രീയം പത്രപ്രവർത്തനത്തെ സ്വാധീനിച്ചിരുന്നില്ല. അവിടെയും പത്രാധിപർ സുകുമാരന്റെ നിലപാടുകളായിരുന്നു അദ്ദേഹത്തെ നയിച്ചത്. സാമുദായികമായ ഇടപെടലുകളിലും ഈ ശ്രദ്ധയുണ്ടായിരുന്നു. ഈസ്റ്റ് ബർലിനിൽ ഇ.എം.എസ്. ചികിത്സയ്ക്ക് പോയപ്പോൾ അവിടത്തെ വിവരങ്ങൾ എന്നും അന്വേഷിച്ച് വാർത്തയാക്കാൻ അദ്ദേഹം ശ്രമിച്ചു. എസ്. ജയചന്ദ്രൻനായരും എൻ.ആർ.എസ്. ബാബുവും തയ്യാറാക്കിയ വനംകൊള്ളയെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ട് പുറത്താകുന്നത് എം.എസ്. മണിയുടെ നേതൃത്വത്തിലാണ്. ‘കാട്ടുകള്ളന്മാർ’ എന്ന പേരിൽ 1975-ൽ അദ്ദേഹം സമാഹരിച്ച ആ സംഭവങ്ങളെക്കുറിച്ചുള്ള പുസ്തകം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഈയിടെയും ചർച്ചചെയ്യപ്പെട്ടു.

പുൽപ്പള്ളി സ്റ്റേഷൻ ആക്രമണക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരിയായ അജിതയെ കാണാൻ അമ്മ മന്ദാകിനി നാരായണൻ തിരുവനന്തപുരത്ത് എത്തുമായിരുന്നു. അവരെ റെയിൽവേ സ്റ്റേഷനിൽനിന്ന് കൂട്ടിക്കൊണ്ടുപോയി കുമാരപുരത്തെ വീട്ടിൽ താമസിപ്പിക്കാനും ജയിലിൽ സന്ദർശനത്തിന് സൗകര്യമൊരുക്കാനും മണി ശ്രദ്ധിച്ചു. അജിതയുടെ അമ്മയെന്നറിഞ്ഞാൽ അവരെ കാണാൻപോലും ആളുകൾ ഭയപ്പെട്ടിരുന്ന കാലമായിരുന്നു. മനുഷ്യത്വമായിരുന്നു അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്. കലാകൗമുദി, കഥ മാഗസിൻ, ഫിലിം മാഗസിൻ, ട്രയൽ വാരിക എന്നിവയിലൂടെ ലിറ്റററി ജേർണലിസത്തിൽ എം.എസ്. മണി നടത്തിയ പരീക്ഷണങ്ങളും വ്യത്യസ്തമായിരുന്നു. സാഹിത്യകാരന് അർഹമായ പ്രതിഫലം നൽകാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു.

ഒട്ടേറെപ്പേരെ സഹായിച്ച എം.കെ.കെ. നായർ എല്ലാം നഷ്ടപ്പെട്ടുകഴിയുന്ന കാലത്ത് മണി നടത്തിയ ഇടപെടൽ അറിയുന്നവരാരും മറക്കില്ല. മരുന്നു വാങ്ങാൻപോലും പെൻഷനോ പണമോ ഇല്ലാതെ ക്ലേശിച്ച എം.കെ.കെക്ക്‌ ‘ആരോടും പരിഭവമില്ലാതെ’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നതിലൂടെ അക്കാലത്ത് ഒരുലക്ഷം രൂപ നൽകാൻ അദ്ദേഹം തയ്യാറായി. മാധ്യമങ്ങൾക്ക് തിരഞ്ഞെടുപ്പുകളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്ന് തെളിയിച്ചതും മണിയായിരുന്നു. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച വി.കെ. കൃഷ്ണമേനോന്റെ വിജയമായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രചാരണത്തിന് കേരളകൗമുദി പ്രത്യേക പ്രാധാന്യംനൽകിയത് എം.എസ്. മണി നടത്തിയ സാഹസികതയായിരുന്നു. മുംബൈയിൽനിന്ന് മലയാളത്തിൽ കലാകൗമുദി പത്രം പ്രസിദ്ധീകരിക്കാൻ ശ്രമിച്ച എം.എസ്. മണി ആ പത്രത്തിന്റെ തിരുവനന്തപുരം എഡിറ്റർ-ഇൻ-ചീഫായാണ് വിടപറയുന്നത്.

സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിന്റെ സ്വദേശാഭിമാനി കേസരി അവാർഡ്, ടെലഗ്രാഫ്-കെ.വി. ഡാനിയൽ, ഡോ. അംബേദ്കർ എന്നീ അവാർഡുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി നാഷണൽ എക്‌സിക്യൂട്ടീവ് അംഗം, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്‌സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.