കോഴിക്കോട്: കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് പേവാര്‍ഡില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി. വ്യാഴാഴ്ച രാത്രി 7.45 ഓടെ കാറില്‍ പിണറായിലെ വീട്ടില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിക്കായി പേവാര്‍ഡിലെ രണ്ട് വി.ഐ.പി. ഡീലക്‌സ് മുറികളില്‍ ഒന്നാണ് ഒരുക്കിയത്. രണ്ടാമത്തെ വി.ഐ.പി. മുറിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഭര്‍ത്താവ് പി.എ.മുഹമ്മദ് റിയാസും കോവിഡ് ചികിത്സയിലാണ്. ബുധനാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഭാര്യ കമല വിജയനും, കോവിഡ് പോസിറ്റീവായ കൊച്ചുമകനും ആശുപത്രിയിലെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ പരിശോധിക്കാന്‍ പത്ത് ഡോക്ടര്‍മാരുടെ സംഘം രൂപവത്ക്കരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി.ശശി, സൂപ്രണ്ട് ഡോ.എം.പി.ശ്രീജയന്‍, ആര്‍.എം.ഒ. കെ.രഞ്ജിനി, വിവിധ വകുപ്പകളുടെ മേധാവികള്‍ തുടങ്ങിയവര്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തി. അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.മുബാറകിന്റെയും മെഡിസിന്‍ വിഭാഗത്തിലെ ഡോ.ജയേഷിന്റെയും മേല്‍നോട്ടത്തിലാണിത്. മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആശയവിനിമയം നടത്തി. എത്രയും പെട്ടെന്ന് രോഗം ഭേദമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

വാക്‌സിനെടുത്തത് രോഗതീവ്രത കുറച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഡോസ് എടുത്തത് രോഗതീവ്രത കുറയാന്‍ ഇടയാക്കിയതായി സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞു.

വാക്‌സിന്‍ എടുത്തിട്ടും മുഖ്യമന്ത്രിക്ക് രോഗംബാധിച്ചുവെന്ന പ്രചരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. വാക്‌സിന്‍ എടുത്തല്‍ രോഗതീവ്രത കുറയും എന്നതാണ് വസ്തുത. ഒന്നാം ഡോസ് എടുത്താല്‍ മുപ്പത് ശതമാനം വരെ സംരക്ഷണവും രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞാല്‍ 80 ശതമാനം വരെ സംരക്ഷണവുമാണ് ലഭിക്കുക. ഗുരുതരരോഗാവസ്ത ഉണ്ടാകാതിരിക്കാനുള്ള സാധ്യത 95 ശതമാനമാണ്. - ഫെയിസ്ബുക്ക് ലൈവിലൂടെ മുഹമ്മദ് അഷീല്‍ അറിയിച്ചു.