തിരുവനന്തപുരം: മലപ്പുറം എ.ആർ. നഗർ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം ആവശ്യപ്പെട്ടതിനുപിന്നാലെ കെ.ടി. ജലീൽ എം.എൽ.എ.യെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുവരുത്തി. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയെ സന്ദർശിച്ച ജലീൽ തന്റെഭാഗം വിശദീകരിച്ചു. തുടർന്നാണ് അദ്ദേഹം ഇ.ഡി.ക്കു മുമ്പാകെ കുഞ്ഞാലിക്കുട്ടിക്കെതിരായ രേഖകൾ നൽകാൻ പോയത്.

സഹകരണബാങ്കിലെ പ്രശ്നത്തിൽ താൻ ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയും സഹകരണവകുപ്പും തന്നെയാണ് അത് അന്വേഷിക്കേണ്ടത്. ഇ.ഡി. വിളിപ്പിച്ചതനുസരിച്ചാണ് താൻ അവരുടെയടുത്ത് പോയതെന്നും ജലീൽ വിശദീകരിച്ചതായി അറിയുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്നും ലക്ഷ്യം കാണുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു.

പ്രതികരണങ്ങളിൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോടു നിർദേശിച്ചതായാണു വിവരം. സഹകരണമേഖലയിൽ ഇ.ഡി.യെ ഇടപെടുത്താൻ സംസ്ഥാനസർക്കാർ ആഗ്രഹിക്കുന്നില്ല. ഭരണകക്ഷി നേതാവുതന്നെ ആ വഴിക്കു നീങ്ങുന്നതിലെ രാഷ്ട്രീയവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുസ്‌ലിം ലീഗിനുള്ളിൽനിന്നു തന്നെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നു ജലീൽ വിശദീകരിച്ചു. അത് പെട്ടെന്ന് അണയില്ല. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിൽ താനല്ല പരാതിക്കാരൻ. ലീഗിനെ ക്ഷീണിപ്പിക്കുന്ന സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും ജലീൽ വിശദീകരിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ, ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് ജലീൽ പിന്നീട് സാമൂഹികമാധ്യമ കുറിപ്പിൽ പറഞ്ഞു. ഈ നീക്കത്തിന് പിന്തുണ നഷ്ടപ്പെട്ടിട്ടില്ലെന്ന വ്യാഖ്യാനവും അദ്ദേഹം നൽകി. 2006-ൽ ഇടതുപിന്തുണയോടെ ലക്ഷ്യംകണ്ടെങ്കിൽ 2021-ലും പോരാട്ടം ലക്ഷ്യംകാണുമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല കണ്ടത്

: മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിട്ടല്ല അദ്ദേഹത്തെ കണ്ടതെന്ന് ജലീൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മാസവും മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സംസാരിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് കണ്ടത്. മുസ്‌ലിംലീഗിനെതിരേയുള്ള പോരാട്ടത്തിൽ സി.പി.എം. തനിക്കൊപ്പമുണ്ടെന്നും ജലീൽ പറഞ്ഞു.

ഇ.ഡി. ‘സഹകരണം’ വേണ്ടേ വേണ്ടെന്നു ജലീൽ

കുഞ്ഞാലിക്കുട്ടി 16-ന് ഹാജരാകണം

കൊച്ചി: എ.ആർ. നഗർ ബാങ്കിലെ ക്രമക്കേടിലും സഹകരണബാങ്കുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം വേണ്ടെന്ന് കെ.ടി. ജലീൽ. രാവിലെ മുഖ്യമന്ത്രിയെ കാണുകയും വൈകീട്ട് ഇ.ഡി.ക്ക് മുന്നിൽ ഹാജരാവുകയും ചെയ്തശേഷമാണ് ജലീലിന്റെ പ്രതികരണം. ചന്ദ്രിക കള്ളപ്പണക്കേസിൽ തെളിവുനൽകണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജലീലിൽ കൊച്ചി ഓഫീസിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയോട് 16-ന് ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടതായും ജലീൽ വെളിപ്പെടുത്തി.