തിരുവനന്തപുരം: പാർലമെന്റ് അംഗത്വം രാജിവെച്ച് പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിൽ പരിഹാസത്തിൽ പൊതിഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞാലിക്കുട്ടി നേരത്തേ നിയമസഭയിൽ പ്രവർത്തിച്ചിരുന്ന ആളാണ്. എന്തോ പ്രത്യേക സാഹചര്യം ഉണ്ടാകുമെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റിലേക്ക് മത്സരിച്ചത്. അത് അവസാനിപ്പിക്കാമെന്ന് ഇപ്പോൾ തോന്നുന്നു. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ഒരാൾ നിയമസഭയിൽ പ്രതിപക്ഷത്തുണ്ടാകുന്നത് ഞങ്ങൾക്ക് സഹായകരമാണെന്നാണ് തോന്നുന്നത്. അദ്ദേഹം മടങ്ങിവരുന്നതിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി ചിരിച്ചുകൊണ്ടു പറഞ്ഞു.

എന്നാൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യുമെന്ന വാർത്തയോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. വരുന്ന വാർത്തകളോട് പ്രതികരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്ത ഏതൊക്കെ വിധത്തിൽ വരും. അതിന്റെ അടിസ്ഥാനത്തിൽ പ്രതികരണം നടത്താനാവില്ല -മുഖ്യമന്ത്രി പറഞ്ഞു.

സഭാതർക്കത്തിൽ സമവായം

സഭാതർക്കത്തിൽ സമവായം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനിർമാണം ഇപ്പോൾ പരിഗണനയിലില്ല. ഇരുവിഭാഗങ്ങളുമായി ചർച്ചചെയ്ത് സമവായത്തിലെത്തിക്കാനുള്ള ശ്രമം നല്ലരീതിയിൽ മുന്നോട്ടുപോയതാണ്. നിർഭാഗ്യവശാൽ അതിലൊരുവിഭാഗം ഒരുഘട്ടത്തിൽ ഏകപക്ഷീയമായി പിന്മാറി. എങ്കിലും സർക്കാർ പ്രതീക്ഷ കൈവിട്ടിട്ടില്ല. ചർച്ച നടത്തി ഒത്തുതീർപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

വാക്സിൻ ആദ്യം ആരോഗ്യപ്രവർത്തകർക്ക്

ഈ മാസംതന്നെ കേരളത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓക്സ്‌ഫഡ്‌ വാക്സിനാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. ഇത് സൂക്ഷിക്കാനുള്ള സൗകര്യം ഇന്ത്യയിലാണ് ഏറെയുള്ളതെന്നാണ് അറിയുന്നത്. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഈമാസത്തോടെ കേരളത്തിന് മരുന്ന് കിട്ടിയേക്കും. ആദ്യം ആരോഗ്യപ്രവർത്തകർക്കാണ് മരുന്ന് നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.