കൊച്ചി: മുഖ്യമന്ത്രി വീണ്ടും മാധ്യമങ്ങളുമായി കോര്‍ത്തു. കലൂര്‍ ലെനിന്‍ സെന്ററില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അടുത്ത ചാനല്‍ പ്രവര്‍ത്തകരോട് അദ്ദേഹം കയര്‍ക്കുകയായിരുന്നു. 'എ.ജിയുടെ നിയമോപദേശം സി.പി.ഐ. അറിഞ്ഞില്ലെന്ന് പറയുന്നുണ്ടല്ലോ' എന്ന ചോദ്യവുമായി അടുത്ത മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാതെ മുഖ്യമന്ത്രി കടന്നുപോകുകയായിരുന്നു. ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തകയുടെ കൈയിലിരുന്ന മൈക്ക് മുഖ്യമന്ത്രിയുടെ ഷര്‍ട്ടില്‍ ഉരസി. പെട്ടെന്ന് നിന്ന അദ്ദേഹം 'മാറിനില്‍ക്ക് അങ്ങോട്ടെ'ന്ന് മാധ്യമപ്രവര്‍ത്തകയോട് കര്‍ശനമായി ഉച്ചത്തില്‍ ആക്രോശിച്ചു. സ്ഥലത്തുണ്ടായിരുന്ന എസ്.ഐയോട് എന്തിനു നില്‍ക്കുകയാണെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്കുണ്ടായ അതൃപ്തി ഡി.ജി.പിയെ അറിയിക്കുകയും ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം ഉടനെ ലെനിന്‍ സെന്ററിലേക്ക് പാഞ്ഞെത്തുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സംഭവങ്ങള്‍ അന്വേഷിച്ചു. എസ്.ഐ. വിബിന്‍ദാസ്, ഗ്രേഡ് എസ്.ഐ. രാജന്‍ എന്നിവര്‍ക്കെതിരെ കൃത്യവിലോപത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാവുമെന്നതിനാല്‍, അദ്ദേഹത്തിന്റെ സമീപത്തേക്ക് ആളുകള്‍ എത്തുന്നത് വിലക്കി പോലീസ് തലപ്പത്തുനിന്ന് സന്ദേശം പോയിരുന്നു. അത് പാലിച്ചില്ലെന്നാണ് എസ്.ഐമാര്‍ക്കെതിരെയുള്ള കുറ്റം.