തിരുവനന്തപുരം: പതിവിൽനിന്ന് വ്യത്യസ്തമായി നിയമസഭയിലെ ചോദ്യോത്തരവേളയിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞു. ഭരണപക്ഷത്തുനിന്ന് മുഖ്യമന്ത്രിയും മറുഭാഗത്തുനിന്ന് പ്രതിപക്ഷനേതാവും അതിന്റെ നായകത്വം ഏറ്റെടുത്തതോടെ ചോദ്യോത്തരവേളയിൽ വാദപ്രതിവാദം മുഴങ്ങി.
ഭരണപക്ഷ അംഗങ്ങളുടെ ചോദ്യങ്ങളിലേറെയും യു.ഡി.എഫ്. സർക്കാരിന്റെ കാലത്തുനടന്ന അഴിമതി ആരോപണത്തെയും കേസുകളെയുംകുറിച്ചായിരുന്നു. അഞ്ചുവർഷം ഇടതുപക്ഷം ഭരിച്ചിട്ട് ഈ കേസുകളിൽ എന്തുസംഭവിച്ചെന്ന് പ്രതിപക്ഷം തിരിച്ചുചോദിച്ചു. പഴയ കേസുകൾക്കൊപ്പം, വി.ഡി.സതീശൻ, പി.ടി.തോമസ് എന്നിവർക്കെതിരേയുള്ള ആരോപണവും ഇടത് അംഗങ്ങൾ ഉന്നയിച്ചു. ചോദ്യോത്തരവേളയിൽ ആരോപണങ്ങളും പ്രസ്താവനകളും പാടില്ലെന്ന് സ്പീക്കർ ഇടയ്ക്കിടെ ആവർത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
ചോദ്യങ്ങൾക്ക് മറുപടിപറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു. ആ കാലത്തെക്കുറിച്ചുപറഞ്ഞാൽ ഒരുപാട് പറയേണ്ടിവരും. പക്ഷേ, ചോദ്യങ്ങൾക്ക് അത്തരത്തിൽ മറുപടി പറയാനാകില്ലല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, ബാർകോഴ കേസിൽ പ്രതിപക്ഷനേതാവിനെതിരേ വിജിലൻസ് അന്വേഷണത്തിന് അനുമതിനൽകാൻ സ്പീക്കർ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരേ അന്വേഷണം നടത്തരുതെന്ന് പ്രതിപക്ഷനേതാവ് ഗവർണറോട് ആവശ്യപ്പെട്ട വിവരവും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതിനൽകിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന് കെ.സി. ജോസഫ് പ്രതികരിച്ചു. ചോദ്യം പരിശോധിക്കാൻ സംവിധാനങ്ങളുണ്ട്, പിഴവുണ്ടെങ്കിൽ നോക്കാമെന്ന് സ്പീക്കർ മറുപടി നൽകി.
ടൈറ്റാനിയം കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നതിൽ മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. അങ്ങനെയെങ്കിൽ ഏറ്റവും കൂടുതൽതവണ മാറ്റിവെച്ചത് ലാവ്‌ലിൻ കേസല്ലേയെന്ന് പി.ടി.തോമസ് ചോദിച്ചു. ആ കേസിൽ തന്നെ നേരത്തേ കുറ്റവിമുക്തനാക്കിയതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതിപക്ഷവും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം -ചെന്നിത്തല
പ്രതിപക്ഷത്തിനെതിരേ പഴയ അഴിമതിയാരോപണങ്ങൾ ആവർത്തിച്ചതോടെ സഭയിൽ സംസാരിക്കാൻ രമേശ് ചെന്നിത്തല അനുമതിതേടി. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിന്, പ്രതിപക്ഷവും അങ്ങനെയാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് ഈ ചോദ്യോത്തരവേളയിലുടനീളം കണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസ്, വീണ്ടും അന്വേഷിക്കുന്നതിലെ നിയമവിരുദ്ധതയാണ് ഗവർണറുടെ ശ്രദ്ധയിൽകൊണ്ടുവന്നത്. നിങ്ങൾ എന്തന്വേഷണം നടത്തിയാലും ഒരു ചുക്കുമില്ലെന്ന് ചെന്നിത്തല പറഞ്ഞു. അനൂപ് ജേക്കബ്, വി.ഡി.സതീശൻ, വി.എസ്.ശിവകുമാർ എന്നിവരും ചോദ്യമുന്നയിക്കാൻ എഴുന്നേറ്റ് വ്യക്തിപരമായ വിശദീകരണം നൽകി.
ഉളുപ്പുവേണം; ജനം കരണത്തടിച്ചില്ലേയെന്ന് മുഖ്യമന്ത്രി
യു.ഡി.എഫ്. ഭരണത്തിൽ നിങ്ങളെ നാടിന് ഒരു ശാപമായി ജനങ്ങൾ കരുതിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ വന്നതിനുശേഷം നാടിന്റെ യശസ്സുയർന്നു. ആ യശസ്സുയർന്ന നാടുമായി ബന്ധം സ്ഥാപിക്കാൻ വിദേശകമ്പനികളടക്കം ഇവിടെ എത്തി. അതിൽ വിഷമമുണ്ടെങ്കിൽ മനസ്സിൽവെച്ചാൽ മതി. തദ്ദേശതിരഞ്ഞെടുപ്പിൽ ജനങ്ങളുടെ കരണത്തടിയേറ്റാണ് നിങ്ങൾ ഇരിക്കുന്നത്. എന്നിട്ടും ചിരിക്കുന്നത് ഉളുപ്പ് എന്നൊന്നില്ലാത്തതുകൊണ്ടാണ്. ജനങ്ങൾ അവരുടെ അനുഭവത്തിൽനിന്നാണ് തീരുമാനമെടുക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
പ്രകോപനവും പരിഹാസവും
പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോൾ പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചത് അദ്ദേഹത്തിനോടുള്ള മനോഭാവമാണെന്ന പരോക്ഷപരിഹാസവുമായി മുഖ്യമന്ത്രി. എന്തിനാണ് ഇവിടെ ശ്രമിച്ചത്, എന്തൊക്കെയാണ് നടന്നത് എന്നിങ്ങനെ മുഖ്യമന്ത്രിയുടെ ചോദ്യങ്ങളുയർന്നപ്പോൾ പ്രതിപക്ഷനിരയിൽനിന്ന് ഡോളർകടത്ത്, സ്വർണക്കടത്ത് എന്നൊക്കെ അപ്പപ്പോൾ മറുപടിയുയർന്നു. യശസ്സുവർധിച്ച കേരളത്തിലേക്ക് വിദേശകമ്പനികൾ വന്നുവെന്ന് പരാമർശിച്ചപ്പോൾ, വന്നത് സ്പ്രിംക്ലർ കമ്പനിയാണെന്നായിരുന്നു കമന്റ്. ഈ ഘട്ടത്തിലാണ് തദ്ദേശതിരഞ്ഞെടുപ്പിൽ തോറ്റിട്ടും ഉളുപ്പില്ലാത്തവരാണ് പ്രതിപക്ഷനിരയിലിരുന്ന് ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോൾ ലോക്‌സഭാതിരഞ്ഞെടുപ്പിൽ 19 സീറ്റിലും തോറ്റപ്പോഴോയെന്ന കൗണ്ടർ ഉടനെ പ്രതിപക്ഷാംഗങ്ങൾ ഉയർത്തുകയും ചെയ്തു.