തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ കോവിഡ് വ്യാപനം തടയാൻ വീട്ടമ്മമാരുടെ സേവനം വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിൽ പ്രവർത്തിക്കുന്ന വനിതാ പോലീസ് സ്റ്റേഷനുകൾ, വനിതാ സെൽ എന്നിവിടങ്ങളിലുള്ളവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.

വനിതാ പോലീസുദ്യോഗസ്ഥർ ഗ്രാമപ്രദേശങ്ങൾ സന്ദർശിച്ച് വീട്ടമ്മമാർക്കും സ്ത്രീകൾക്കും കോവിഡ് അവബോധന ക്ലാസുകൾ നൽകും.

ഓക്സിജൻ വീട്ടിൽ ഉത്പാദിപ്പിക്കാം എന്നു പറഞ്ഞ് തെറ്റിദ്ധാരണ പടർത്തുന്ന സന്ദേശങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതെല്ലാം അടിസ്ഥാനരഹിതമാണ്.

ആരാധനാലയങ്ങളിൽ 50 പേർ മാത്രം

എത്ര വലിയ ആരാധനാലയങ്ങളിലും പരമാവധി 50 പേർക്ക് മാത്രമാണു പ്രവേശനം. ചെറിയ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണം അവയുടെ വലിപ്പമനുസരിച്ച് 50-ൽ താഴെയായി പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.