തിരുവനന്തപുരം: വിജയാഹ്ലാദം പ്രകടിപ്പിക്കൽ വേണ്ടെന്നും നിലവിലുള്ള കർശനനിയന്ത്രണങ്ങൾ വോട്ടെണ്ണൽ നടക്കുന്ന ഞായറാഴ്ചയും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിജയിക്കുന്നവർ സാമൂഹികമാധ്യമങ്ങളിലൂടെ വോട്ടർമാരെ അഭിസംബോധനചെയ്യണം.

അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടംകൂടാനോ പാടില്ല. വോട്ടെണ്ണൽദിവസം ഒരുവിധത്തിലുമുള്ള ആഘോഷപ്രകടനങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ല. എല്ലാ രാഷ്ട്രീയപ്പാർട്ടികളും എടുത്ത തീരുമാനമാണിതെന്ന്‌ മുഖ്യമന്ത്രി ഓർമിപ്പിച്ചു.

തിരഞ്ഞെടുക്കപ്പെടുന്നവർ മണ്ഡലത്തിൽ സഞ്ചരിച്ച്‌ വോട്ടർമാരോട് നന്ദിപറയുന്ന പതിവ് ഉപേക്ഷിക്കണം. നേരിട്ടുചെന്നുള്ള നന്ദിപ്രകടനത്തിനുപകരം കോവിഡ് വ്യാപനത്തിന്‌ ശമനംവന്നാൽ അതിന് വേണ്ടുവോളം സമയമുണ്ടെന്നു മനസ്സിലാക്കണം.

ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സഹകരണവും മുഖ്യമന്ത്രി അഭ്യർഥിച്ചു. കൂട്ടംചേർന്നുള്ള പ്രതികരണമെടുപ്പ് കഴിയുന്നതും ഒഴിവാക്കണം. സംസ്ഥാനത്തും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ചുമതലപ്പെട്ടവരൊഴികെ ആരും പോകേണ്ടതില്ല -മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതിവിധിയെത്തുടർന്ന് ചൊവ്വാഴ്ചവരെ പ്രകടനങ്ങൾ, ഘോഷയാത്രകൾ, കൂടിച്ചേരലുകൾ തുടങ്ങിയവ തിരഞ്ഞെടുപ്പ് കമ്മിഷനും കർശനമായി വിലക്കിയിട്ടുണ്ട്.

Content Highlights: CM Pinarayi Vijayan press meet