തിരുവനന്തപുരം: സംസ്ഥാനത്ത് വിവരാവകാശനിയമം ദുരുപയോഗംചെയ്യുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേ അപേക്ഷകർ പലതവണ അപേക്ഷകൾ സമർപ്പിക്കുന്നതും കൃത്യമായ മറുപടിനൽകാൻ കഴിയാത്ത സങ്കീർണമായ വിഷയങ്ങൾ ഉന്നയിക്കുന്നതും മറുപടിയിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് അപ്പീൽ നൽകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള അപേക്ഷകർക്കുള്ള സൗജന്യങ്ങൾ ഇങ്ങനെ ദുരുപയോഗംചെയ്യുന്നുണ്ട്. നിയമം കൂടുതൽ കുറ്റമറ്റരീതിയിൽ നടപ്പാക്കുന്നതിനായി സെക്രട്ടേറിയറ്റിലും വകുപ്പുകളിലും വിവരാവകാശ അപേക്ഷകൾ ഓൺലൈൻവഴി സ്വീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എ.എൻ. ഷംസീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
വിവരാവകാശനിയമം ദുരുപയോഗപ്പെടുത്തുന്നതായി ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ അത്തരം വ്യക്തികൾക്ക് താക്കീത് നൽകിയും പൊതുശല്യക്കാരനായി പരാമർശിച്ചും സംസ്ഥാന വിവരാവകാശകമ്മിഷൻ ഉത്തരവുകൾ പുറപ്പെടുവിക്കാറുണ്ട്. ഇത്തരം അപേക്ഷകർക്കെതിരേ നടപടികൾ സ്വീകരിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെങ്കിലും ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെടുന്ന അപേക്ഷകൾ നിരാകരിക്കുന്നതിന് വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച് വ്യക്തമായ മാനദണ്ഡം രൂപപ്പെടുത്തുക സർക്കാരിന് എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തിൽ എന്തുചെയ്യാനാകുമെന്നത് പരിശോധിക്കും. ആർ.ടി.ഐ. ആക്ടിവിസ്റ്റുകളിൽ ഒരുവിഭാഗം മാഫിയാസംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്നുവെന്നും അവരെ നിയന്ത്രിക്കാൻ സംവിധാനമൊരുക്കുന്നത് പരിശോധിക്കണമെന്നുമായിരുന്നു ഷംസീറിന്റെ ആവശ്യം.