തിരുവനന്തപുരം: ജാതിമതവ്യത്യാസമില്ലാതെ ഇപ്പോൾ സംവരണം ലഭിക്കാത്ത എല്ലാവിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഇ.ഡബ്ല്യു.എസ്. സംവരണത്തിന് അർഹരാണെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. നിലവിലെ പട്ടികയിൽ ഉൾപ്പെട്ടവർക്കുമാത്രമേ ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് നൽകാവൂവെന്ന് സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നും റോജി എം. ജോണിന്റെ സബ്മിഷന് മറുപടിനൽകി.

മുന്നാക്ക കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടാത്തതും നിലവിൽ എസ്.സി., എസ്.ടി., ഒ.ബി.സി. സംവരണമൊന്നും ലഭിക്കാത്ത വിഭാഗങ്ങളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഇ.ഡബ്ള്യു.എസ്. സംവരണത്തിന് അർഹരാണ്. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടിയുള്ള സംസ്ഥാനകമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി, പട്ടികവർഗം, സംസ്ഥാന ഒ.ബി.സി., കേന്ദ്ര ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടാത്തതും തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കാത്തതുമായ 164 വിഭാഗങ്ങളെ സംവരണേതര വിഭാഗങ്ങളായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

സിറിയൻ കാത്തലിക് (സിറോ മലബാറിക് കാത്തലിക്) വിഭാഗവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യൻ റോമൻ കാത്തലിക്, സിറോ മലബാർ ക്രിസ്ത്യൻ, ആർ.സി., ആർ.സി.എസ്., ക്രിസ്ത്യൻ ആർ.സി. എന്നീ ചുരുക്കപേരുകളിൽ അറിയപ്പെടുന്ന വിഭാഗങ്ങൾ ഒന്നുതന്നെയാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചുവരുകയാണ്. സംസ്ഥാന കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.