തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതത്തിൽത്തന്നെ വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ഇതോടനുബന്ധിച്ച ഹൈക്കോടതി വിധിയിൽ ന്യൂനപക്ഷങ്ങൾക്കിടയിലെ ഉപതരംതിരിവിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഇക്കാര്യത്തിൽ മുതിർന്ന അഭിഭാഷകൻ കെ. പരാശരന്റെ നിയമോപദേശം സർക്കാർ തേടിയിരുന്നു.

ന്യൂനപക്ഷ സ്കോളർഷിപ്പിൽ നിലവിലെ അനുപാതത്തിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു. മറുവിഭാഗത്തിന്റെ ആനുകൂല്യങ്ങൾ ഒട്ടും കുറയ്ക്കാതെതന്നെ പരാതി പരിഹരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇക്കാര്യത്തിൽ സമുദായസ്പർധയുണ്ടാക്കുന്ന ചർച്ചകൾ എങ്ങുനിന്നും ഉയരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്‌ലിങ്ങൾക്കുള്ള സ്‌കോളർഷിപ്പ് പ്രത്യേകമായിത്തന്നെ നിലനിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. എന്നാൽമാത്രമേ, ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി എന്തെങ്കിലും ശുപാർശകൾ നൽകിയാൽ അത് ക്രിസ്ത്യൻ വിഭാഗത്തിനു മാത്രമായി നടപ്പാക്കാനാവൂ. വെറും ആയിരവും രണ്ടായിരവും രൂപവരുന്ന ചെറിയ സ്‌കോളർഷിപ്പുകളുടെപേരിൽ സാമൂഹിക അന്തരീക്ഷം കലുഷമാക്കാൻ ഇടവരുത്തരുത്. അതേസമയം, വലിയ തുകയുള്ള 17,000 പ്രീമെട്രിക് സ്‌കോളർഷിപ്പുകൾ കേരളം നൽകാത്തതുകൊണ്ട് കേന്ദ്രസർക്കാർ അത് ഉത്തർപ്രദേശിനു നൽകിയെന്നും സതീശൻ ആരോപിച്ചു.

ആർക്കും പരാതിയില്ലാതെ പ്രശ്‌നം പരിഹരിക്കാൻ പ്രതിപക്ഷം സർവകക്ഷിയോഗത്തിൽ വ്യക്തമായ നിർദേശം സമർപ്പിച്ചിരുന്നതായി സതീശൻ പറഞ്ഞു. എന്നാൽ, മൂർത്തമായ നിർദേശം പ്രതിപക്ഷം മുന്നോട്ടുവെച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സച്ചാർ കമ്മിറ്റി പ്രകാരമുള്ള ആനുകൂല്യങ്ങൾ മുസ്‌ലിങ്ങൾക്കു കിട്ടണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നുതന്നെയാണ് നിലപാട്.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറഞ്ഞു. എന്നാൽ, മറ്റു ജനവിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യം സംരക്ഷിക്കപ്പെടണം. സച്ചാർ കമ്മിറ്റി പ്രകാരമുള്ള ആനുകൂല്യങ്ങൾ മുസ്‌ലിം സമുദായത്തിനുവേണ്ടി മാത്രമല്ലെന്ന് കെ.ടി. ജലീൽ പറഞ്ഞു.

സേവനാവകാശ നിയമം പൊളിച്ചെഴുതും -മുഖ്യമന്ത്രി

സംസ്ഥാനത്തെ ഭരണസംസ്‌കാരം ജനസൗഹൃദമാക്കാൻ സേവനാവകാശ നിയമം പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനങ്ങൾ ലഭിക്കാനുള്ള കാലതാമസവും ഇതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയും അവസാനിപ്പിക്കും.