കൊല്ലം: കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത്ഷായുടെ ചോദ്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മറുചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒമ്പത് മാസമായല്ലോ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നു. എന്നിട്ടും ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടിയില്ലേ? സ്വർണം അയച്ച ആളെ ഇതുവരെ പിടികൂടിയോ? കള്ളക്കടത്ത് സ്വർണം ഇങ്ങോട്ടു വന്നോ? ആര്, എന്തിന് കൊണ്ടുവന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞോ? കള്ളക്കടത്ത് സ്വർണം എത്തിയത് ആർ.എസ്.എസ്. ബന്ധം ഉള്ളവരിലേക്കാണോ? സ്വർണക്കടത്തിൽ കേന്ദ്ര ആഭ്യന്ത്രരമന്ത്രിക്ക് ഒപ്പം ഇരിക്കുന്നയാൾക്ക് പങ്കുണ്ടോ?

ഡിപ്ലോമാറ്റിക് ബാഗിലൂടെയല്ല സ്വർണം കടത്തിയതെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞത് അമിത്ഷായുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടിയല്ലേ ഇത്?

യു.എ.പി.എ. ആണല്ലോ ചുമത്തിയത് എന്നിട്ടും ഇവർക്കെങ്ങനെ എളുപ്പം ജാമ്യം കിട്ടി?

സ്വർണക്കടത്ത് കേസിൽ പ്രതിയായ ഉദ്യോഗസ്ഥയെത്തന്നെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ നിയമിച്ചതാരാണ്? അവരെ താത്പര്യപൂർവം സംരക്ഷിക്കുന്നതാരാണ്. തുടങ്ങിയ ചോദ്യങ്ങളാണ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചത്. അമിത് ഷാ കേരളത്തിലേക്കുള്ള ഓരോ വരവിനും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണ്. സ്വർണക്കടത്തിനെക്കുറിച്ചു പറയുമ്പോൾ പിണറായിക്കു സഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, അസഹിഷ്ണുതയുടേതായ രാഷ്ട്രീയമല്ല ഇടതുപക്ഷത്തിന്റേതെന്നും അനീതിയും അക്രമവും അസഹിഷ്ണുതയും കണ്ടാൽ പേടിച്ചു മിണ്ടാതിരിക്കുകയില്ലെന്നും പിണറായി പറഞ്ഞു.

Content Highlights: CM Pinarayi Vijayan on gold smuggling case, Amit Shah