അടൂർ: നാടിന് ഗുണകരമായ വികസന പദ്ധതികൾക്കുനേരേ എത്ര എതിർപ്പുകളുയർന്നാലും അതിനെ അതിജീവിച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരു ഭരിച്ചാലും നാട് നന്നാകില്ലെന്ന് കാലങ്ങളായി ശാപവാക്കുകൾ ചൊരിഞ്ഞവരുടെ നിരാശ മാറ്റാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഇടമൺ-കൊച്ചി പവർ ഹൈവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നടക്കില്ലെന്ന് കരുതി ഉപേക്ഷിക്കപ്പെടുമായിരുന്നു പവർ ഹൈവേ. ഈ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് പദ്ധതിയുടെ 94 ശതമാനവും പൂർത്തിയായത്. വികസന പ്രവൃത്തികൾ നടപ്പാക്കുമ്പോൾ പലർക്കും ചില ബുദ്ധിമുട്ടുകളുണ്ടാകാം. പവർ ഹൈവേക്കെതിരേ ചില പ്രത്യേക മേഖലകളിൽനിന്നും കഠിന എതിർപ്പുയർന്നു. എന്നാൽ, പിന്നീട് സർക്കാരിനെ അവർ തിരിച്ചറിയുകയും സഹകരിക്കാൻ തയ്യാറാവുകയും ചെയ്തു.
സംസ്ഥാനത്ത് മുടങ്ങിക്കിടന്ന പല പദ്ധതികളിലും ഇതേസ്ഥിതിയാണ്. മുമ്പ് എതിർത്തവരും സ്വാഗതം ചെയ്യുന്നു. ഗെയിൽ പദ്ധതി ഇനി പൂർത്തിയാകാൻ മൂന്നുകിലോമീറ്റർ മാത്രമാണ് ശേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോഡ്ഷെഡിങ് ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയാണ് പവർ ഹൈവേ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതിമന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു. ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ വികസനം സാധ്യമാകുമെന്നതിന്റെ തെളിവാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.രാജു, എം.എൽ.എ.മാരായ ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, രാജു എബ്രഹാം, മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാർ, വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ. ബി.അശോക്, ജില്ലാ കളക്ടർ പി.ബി.നൂഹ് തുടങ്ങിയവർ സംസാരിച്ചു.
പവർ ഹൈവേ
നിർമാണച്ചെലവും നഷ്ടപരിഹാരവും ഉൾപ്പെടെ 1300 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 148 കി.മി. നീളവും 447 ടവറുകളുമുള്ള പവർ ഹൈവേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഈ പദ്ധതിയോടെ കേരളത്തിലേക്ക് പുറത്തുനിന്ന് എത്തിക്കാൻ കഴിയുന്ന വൈദ്യുതിയുടെ അളവ് 800 മെഗാവാട്ട് ആയി ഉയരും. ഉദുമൽപേട്ട-പാലക്കാട്-കൊച്ചി വൈദ്യുതി ഇടനാഴിയിൽ തടസ്സം നേരിട്ടാൽ പകരം ഉപയോഗപ്പെടുന്നതുമാണ് പുതിയ പവർ ഹൈവേ.
Content Highlights: cm pinarayi vijayan inaugurated idaman kochi power highway