തിരുവനന്തപുരം: നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ എത്തിക്കാൻ നടൻ മമ്മൂട്ടി തുടങ്ങിവെച്ച ‘വിദ്യാമൃതം’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ക്ളാസുകൾ കാണാൻ സ്മാർട്ട് ഫോൺ ഇല്ല എന്ന കാരണത്താൽ ഒട്ടേറെ കുട്ടികൾക്ക് പഠനത്തിൽ തടസ്സം നേരിട്ടിരുന്നു. ഇതു മനസ്സിലാക്കിയ മമ്മൂട്ടി തന്റെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി കുട്ടികളെ സഹായിക്കാൻ രംഗത്തെത്തുകയായിരുന്നു.

700 പുതിയ ഫോണുകളും മുന്നൂറോളം പഴയ ഫോണുകളുമാണ് വിതരണത്തിനു തയ്യാറായിരിക്കുന്നത്. അനാഥാലയങ്ങളിലെ കുട്ടികളുടെ അപേക്ഷകൾ, ആദിവാസി മേഖലകളിൽനിന്നുള്ള അപേക്ഷകൾ, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളിൽനിന്നുള്ള അപേക്ഷകൾ, പിന്നാക്ക സ്കൂളുകളിൽനിന്നുള്ള അപേക്ഷകൾ എന്നീ മുൻഗണനാ ക്രമത്തിലാണ് അർഹരായവരെ കണ്ടെത്തിയത്.

പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികൾക്കുള്ള സ്മാർട്ട് ഫോണുകൾ ഗാന്ധിഭവൻ ചെയർമാൻ ഡോ. സോമരാജിനു കൈമാറിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും പങ്കെടുത്തു.