തിരുവനന്തപുരം: ‘12 ആകണ്ടേ, 12 ആയാൽ നല്ലത്, 12 ആകണം’- 11 മണിയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാക്യം കുറച്ചുനേരം ഊഹാപോഹങ്ങൾക്കു വഴിതെളിച്ചു. ഈ വാക്കുകൾ പലരെയും ഏറെനേരം സസ്പെൻസിലും നിർത്തി. നിയമസഭ നടക്കുന്നതിനാൽ 12 മണിക്ക് സഭയിൽ എന്തെങ്കിലും പറയുമോയെന്നായി രാഷ്ട്രീയനിരീക്ഷകരുടെ ആകാംക്ഷ.
എൻ.സി.പി.യുടെ തിരഞ്ഞെടുപ്പുചിഹ്നമായ ടൈംപീസിന്റെ ചിത്രമുള്ളതിനാൽ അതേക്കുറിച്ചുള്ള എന്തെങ്കിലുമാകുമോയെന്നു ചിലർ ചിന്തിച്ചു. രാവിലെ ടി.പി.പീതാംബരനുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നതിനാൽ ഇതുതന്നെയായിരിക്കുമെന്ന് ചിലർ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, കൃത്യം 12 മണിക്ക് അടുത്ത പോസ്റ്റോടെ സസ്പെൻസ് പൊളിഞ്ഞു.
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രചാരണമാണ് പോസ്റ്റിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിട്ടത്. രക്തത്തിൽ ഹീമോഗ്ലോബിൻ നിശ്ചിത അളവിൽ നിലനിർത്താത്തതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ ഓർമപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കുറിപ്പ്. ആദ്യത്തെ പോസ്റ്റിനു തൊട്ടുപിന്നാലെ വന്ന കുറിപ്പിലും വീഡിയോയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.