തിരുവനന്തപുരം: 2015 മാർച്ച് 13-ന് നിയമസഭയിൽ നടന്ന അതിക്രമം സംബന്ധിച്ച അഞ്ച് ചോദ്യങ്ങൾക്കും ഒരുത്തരം മാത്രം- ‘വിവരം ശേഖരിച്ചുവരുന്നു.’ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയിലാണിത്.

ഒരു മന്ത്രിയും രണ്ടു മുൻ മന്ത്രിമാരും രണ്ടു മുൻ സാമാജികരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും (എ.ജി.) നിയമോപദേശം തേടിയിരുന്നോ?, നിയമോപദേശം എന്തായിരുന്നു?, പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നത് തടയാൻ നിയമനിർമാണം നടത്തിയ സഭയിലെ അംഗങ്ങൾതന്നെ അത് ലംഘിക്കുന്നത് കുറ്റകരമാണെന്ന് കരുതുന്നുണ്ടോ?, കേസ് എഴുതിത്തള്ളുന്നത് ഇത്തരം അക്രമസംഭവങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇടയാകുമെന്ന് വിലയിരുത്തുന്നുണ്ടോ? നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നവരെ സംരക്ഷിക്കാൻ പ്രമുഖ അഭിഭാഷകരെ കോടികൾ മുടക്കി ഹാജരാക്കുന്നത് സർക്കാരിന്റെ നയങ്ങൾക്ക് അനുസൃതമാണോ?- പി.ടി. തോമസ്, അൻവർസാദത്ത്, സി.ആർ. മഹേഷ് എന്നിവരുടെ ഈ ചോദ്യങ്ങൾക്കായിരുന്നു ഒറ്റ മറുപടി.