തിരുവനന്തപുരം: പുതുവർഷത്തിൽ സാധാരണക്കാർക്കുവേണ്ടി പത്ത് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇവ ഫെബ്രുവരിയോടെ നടപ്പാക്കും.

ഒരു ലക്ഷം രൂപ സ്കോളർഷിപ്പ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിരുദം കഴിഞ്ഞ ആയിരം വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാധനസഹായ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ സ്കോളർഷിപ്പ് നൽകും. വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലുള്ളവരായിരിക്കും ഗുണഭോക്താക്കൾ. തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. മാർക്ക്, ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

വയോജനങ്ങൾ സർക്കാർ ഓഫീസിലേക്ക് എത്തേണ്ടതില്ല

സർക്കാർ ആനുകൂല്യങ്ങൾക്കോ പരാതി നൽകാനോ വയോജനങ്ങൾ സർക്കാർ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ല. മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹികസുരക്ഷാ പെൻഷൻ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായം, അത്യാവശ്യ ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടത്തിലെ സേവനങ്ങൾ. ജനുവരി പത്തിനുമുമ്പ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങും. ഓൺലൈനായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വീടുകളിൽപ്പോയി പരാതി സ്വീകരിച്ച് അധികാരികൾക്ക് കൈമാറി തുടർനടപടികളുടെ വിവരം വിളിച്ച് അറിയിക്കാനുള്ള സംവിധാനമുണ്ടാക്കും. 15-ന് മുമ്പ് നടപടി ആരംഭിക്കും.

വിദ്യാർഥികൾക്ക് നിർദേശങ്ങളുമായി വിദഗ്ധരെത്തും

ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞർ, സാമൂഹികശാസ്ത്രജ്ഞർ, ഭാഷാവിദഗ്‌ധർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി കോളേജ്-സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കും. എമിനന്റ് സ്കോളേഴ്‌സ് ഓൺലൈൻ എന്ന പരിപാടിയിൽ ഇവരുടെ പ്രഭാഷണങ്ങൾ ഓൺലൈനായി കേൾക്കാനും സംവദിക്കാനും അവസരമുണ്ടാക്കും. ആദ്യ പ്രഭാഷണം ജനുവരിയിൽ നടത്തും.

അഴിമതി അറിയിക്കാം

അഴിമതിയെക്കുറിച്ച് പരാതിപ്പെടാൻ പൊതുജനങ്ങൾക്ക് പ്രത്യേക സോഫ്റ്റ്‌വേർ സജ്ജമാക്കും. വിവരം നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സർക്കാർ വിജ്ഞാപനം ചെയ്യുന്ന അതോറിറ്റി പരാതി സ്വീകരിക്കും. പരാതിക്കാരൻ ഓഫീസിൽ വരേണ്ടതില്ല. പരാതികൾ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ കണ്ടശേഷം തുടർനടപടിക്ക് അനുമതി നൽകും. വിജിലൻസ് വകുപ്പുതല നടപടി ആവശ്യമുണ്ടെങ്കിൽ അതിന് നിർദേശം നൽകും. പദ്ധതി ജനുവരി 26-ന് ആരംഭിക്കും.

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ

കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാൻ സ്കൂൾ കൗൺസലർമാരുടെ എണ്ണം ഇരട്ടിയാക്കും. നിലവിൽ 1024 കൗൺസിലർമാരുണ്ട്. 20 കുട്ടികളെ ശ്രദ്ധിക്കാൻ ഒരു അധ്യാപികയോ അധ്യാപകനോ എന്ന നിലയിൽ ക്രമീകരണം ഏർപ്പെടുത്തും. വിവിധതരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി ഓൺലൈൻ കൺസൾട്ടേഷൻ ഏർപ്പെടുത്തും. സൈക്കോളജിസ്റ്റ്, നിയമ വൈദഗ്‌ധ്യമുള്ള വ്യക്തി, ഉയർന്ന വനിതാ പോലീസ് ഓഫീസർ എന്നിവർ ജില്ലാതലത്തിൽ നേതൃത്വം നൽകും. ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് പരിഹാരം കാണും.

വിളർച്ച ഒഴിവാക്കും

വിളർച്ച ബാധിച്ച കുട്ടികളെ കണ്ടെത്താൻ ഫെബ്രുവരി 15-നുമുമ്പ് സംസ്ഥാനതലത്തിൽ പരിശോധന പൂർത്തിയാക്കും. വിളർച്ചയുള്ള കുട്ടികൾക്ക് പോഷകാഹാരങ്ങൾ എത്തിക്കും.

പ്രകൃതിസൗഹൃദ നിർമാണത്തിന് ഗ്രീൻ റിബേറ്റ്

പ്രകൃതിസൗഹൃദ നിർമാണരീതി അവലംബിക്കുന്ന ഗാർഹികനിർമാണങ്ങൾക്ക് ആദ്യം ഒറ്റത്തവണയായി അടയ്ക്കുന്ന കെട്ടിടനികുതിയിൽ നിശ്ചിത ശതമാനം ‘ഗ്രീൻ റിബേറ്റ്’ അനുവദിക്കും. മാനദണ്ഡങ്ങളും റിബേറ്റിന്റെ ശതമാനവും പരിസ്ഥിതി-ധനകാര്യ വകുപ്പുകളുമായി ആലോചിച്ച് ജനുവരിയിൽ ഉത്തരവിറക്കും. ഇളവിന് സ്വയം സാക്ഷ്യപ്പെടുത്തുന്ന തെളിവുകളോടെ ഓൺലൈനായി അപേക്ഷിക്കാം. രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയാൽ റിബേറ്റ് പിഴയോടുകൂടി തിരിച്ചടയ്ക്കേണ്ടിവരും.

കൂടുതൽ പൊതു ഇടങ്ങൾ

ഫെബ്രുവരിക്കുമുമ്പ് എല്ലാ പഞ്ചായത്തുകളിലും പൊതു ഇടങ്ങൾ സജ്ജീകരിക്കും. പൊതു ഇടങ്ങൾ വൃത്തിഹീനമായും കാടുപിടിച്ചും കിടക്കുന്നുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹിക സന്നദ്ധ സേനാംഗങ്ങളുടെ സഹായത്തോടെ വൃത്തിയാക്കും.

സത്യം തിരിച്ചറിയാൻ സത്യമേവ ജയതേ

‘സത്യമേവ ജയതേ’ എന്ന പേരിൽ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കും. ഡിജിറ്റൽ മീഡിയയെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കും. സാമൂഹികമാധ്യമങ്ങളിലെ അസത്യപ്രചാരണങ്ങൾ തിരിച്ചറിയുന്നതിന് അവബോധം നൽകുകയാണ് ലക്ഷ്യം.

പ്രവാസികൾക്ക് ഉടൻ രേഖകൾ

പ്രവാസികൾക്ക് സർക്കാരിൽനിന്നും ആവശ്യമായ രേഖകൾ അപേക്ഷ നൽകി 15 ദിവസങ്ങൾക്കുള്ളിൽ ലഭ്യമാക്കും. ജോലി നഷ്ടമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് സാന്ത്വനമായിട്ടാണ് പദ്ധതി നടപ്പാക്കുക.