തിരുവനന്തപുരം: മനസ്സ് പുഴുവരിച്ചവർക്കുമാത്രമേ ആരോഗ്യവകുപ്പ് പുഴുവരിച്ചുപോയി എന്നൊക്കെ പറയാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യരംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഒരു വകയും ഉണ്ടായിട്ടില്ല. അർഹിക്കുന്ന വിമർശനങ്ങൾതന്നെയാണോ ഉയർത്തുന്നത് എന്ന് അത്തരം കേന്ദ്രങ്ങൾ പരിശോധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ജില്ലകളിലായി 75 കുടുംബാരോഗ്യകേന്ദ്രങ്ങൾ ഉദ്ഘാടനംചെയ്യുന്നതിനിടെയാണ് കഴിഞ്ഞദിവസം ഐ.എം.എ. നടത്തിയ പരാമർശങ്ങൾക്കെതിരേ മുഖ്യമന്ത്രി രംഗത്തുവന്നത്.
ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളിലും ആരോഗ്യമേഖലയിലെ വിദഗ്ധരുടെ ഉപദേശംകൂടി മാനിച്ചാണ് മുന്നോട്ടുപോകുന്നത്. സ്വയമേവ വിദഗ്ധരാണെന്ന് ധരിക്കുന്നവരെ ബന്ധപ്പെട്ടിട്ടില്ലെങ്കിൽ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിക്കരുത്. വിദഗ്ധരാണെന്നുപറയുന്നവർ തെറ്റിദ്ധാരണസൃഷ്ടിക്കുന്ന വർത്തമാനങ്ങളല്ല പറയേണ്ടത്. വീഴ്ചയുണ്ടെന്ന് അവർക്ക് അഭിപ്രായമുണ്ടെങ്കിൽ അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം. മറ്റെന്തെങ്കിലും മനസ്സിൽവെച്ചുകൊണ്ടുള്ള പുറപ്പാടാണെങ്കിൽ അതൊന്നും ഏശില്ല -മുഖ്യമന്ത്രി പറഞ്ഞു.
പതിനായിരക്കണക്കിനുരോഗികൾക്ക് സൗജന്യ ചികിത്സനൽകി മരണനിരക്ക് കുറച്ച കേരളത്തെയാണ് ചിലർ പുഴുവരിച്ചെന്ന് പറയുന്നതെന്ന് അധ്യക്ഷതവഹിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ഐ.എം.എ. ഒരു സംഘടനമാത്രം; വിദഗ്ധസമിതിയല്ല
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ.) എന്നത് ഡോക്ടർമാരുടെ ദേശീയ സംഘടനയാണെന്നും വിദഗ്ധസമിതിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ ഘട്ടത്തിൽ അവരുമായി ചർച്ചനടത്തിയിട്ടുണ്ട്. എന്നാൽ, സർക്കാരിന് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശം നൽകുന്നത് വിദഗ്ധസമിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയസംഘടനയായിട്ടും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണംചെയ്യുന്നതിൽ കേന്ദ്രം ഈ സംഘടനയെ എത്രമാത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കണം. അതിനെതിരേയൊന്നും ആരും പ്രതികരിക്കുന്നത് കണ്ടിട്ടില്ല. ഐ.എം.എ. ഡോക്ടർമാരുടെ ഒരു പൊതുവേദിമാത്രമാണ്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കൂട്ടായ്മ വേറെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വിദഗ്ധസമിതി, കോവിഡ് സെൽ തുടങ്ങിയ സമിതികളുടെ നിർദേശമനുസരിച്ചാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. ഇതിൽ ഐ.എം.എ.യിൽ അംഗമായവരാകാം ഏറെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.