മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വിദേശ വിമാനക്കമ്പനികളുടെ സർവീസ് അനുവദിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം മുഖംതിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര ചരക്കുനീക്കത്തിന്റെ ഭാഗമായുള്ള കാർഗോ സർവീസ്‌ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. വിദേശ കമ്പനികളുടെ സർവീസില്ലാത്തത് കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തെ ബാധിക്കുന്നുണ്ട്. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രക്കാർക്ക് ഇപ്പോൾ വിമാനത്താവളം ഉപയോഗിക്കാനാകുന്നില്ല.

കാർഗോ സർവീസ് തുടങ്ങുന്നതോടെ മലബാറിന്റെ എയർ കാർഗോ ഹബ്ബായി മാറാൻ കണ്ണൂരിനാകും. കണ്ണൂർ, വയനാട്, കോഴിക്കോടിന്റെ ഒരു ഭാഗം, കുടക്‌, മടിക്കേരി, ഗൂഡല്ലൂർ തുടങ്ങിയ പ്രദേശങ്ങൾക്കെല്ലാം ചരക്കുനീക്കത്തിന് കണ്ണൂർ വിമാനത്താവളം ഉപയോഗിക്കാൻ കഴിയും. മലബാറിൽ കയറ്റുമതിസാധ്യതയുള്ള എല്ലാ വ്യവസായങ്ങൾക്കും കാർഗോ സർവീസ് സഹായകമാകും. പ്രവർത്തനം തുടങ്ങി കുറഞ്ഞകാലംകൊണ്ട് മികച്ച വളർച്ച നേടിയ കണ്ണൂർ വിമാനത്താവളത്തിന് കോവിഡ് പ്രതിസന്ധിയിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞു -മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ ആദ്യ ചരക്ക് കൈമാറി. എം.പി.മാരായ കെ.സുധാകരൻ, ഡോ. വി. ശിവദാസൻ, കെ.കെ. ശൈലജ എം.എൽ.എ., കിയാൽ എം.ഡി. ഡോ. വി. വേണു എന്നിവർ സംസാരിച്ചു. കളക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ സി.വി. ജയകാന്ത്, അസി. കമ്മിഷണർമാരായ ഇ. വികാസ്, മുഹമ്മദ് ഫയീസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, പി. പുരുഷോത്തമൻ, കിയാൽ സി.ഒ.ഒ. സുഭാഷ്‌ മുരിക്കുംചേരി തുടങ്ങിയവർ പങ്കെടുത്തു.