തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ അന്തർദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികൾ ആഗ്രഹിക്കുന്ന കോഴ്‌സുകൾ ഇവിടെയില്ല. ഇതിന് പരിഹാരം കണ്ടേ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സവർക്കർ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിർദേശിച്ചിട്ടാണ് എന്നാണ് പുതിയ കഥ. നീണ്ട ജയിൽജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല. ഒട്ടേറെക്കാലം ജയിലിൽക്കിടന്ന എ.കെ.ജി. മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നില്ല. സവർക്കറെ ന്യായീകരിക്കാൻ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാർ. ശാസ്ത്രചിന്തയ്ക്കു പകരം അന്ധവിശ്വാസവും വ്യാജചരിത്രവും കേന്ദ്രസർക്കാർ തന്നെ പ്രചരിപ്പിക്കുന്ന ഘട്ടത്തിൽ അക്കാദമിക് സമൂഹം എന്നനിലയിൽ ശരിയായ കാര്യങ്ങളെ തുറന്നുകാണിക്കാൻ അധ്യാപക സംഘടനകൾക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ആർ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. സംഘടനാ വെബ്‌സൈറ്റ് പ്രകാശനവും സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. എ.കെ.പി.സി.ടിഎ. സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ് അധ്യക്ഷനായി. കേരളത്തിലെ മികച്ച കോളേജ് യൂണിയന് എല്ലാ വർഷവും അഭിമന്യു അവാർഡ് നൽകാൻ സമ്മേളനം തീരുമാനിച്ചു.

ഭാരവാഹികളായി ജോജി അലക്സ് (പ്രസി.), ഡോ. സി.എൽ. ജോഷി, ഡോ.വി. നിഷ (വൈ.പ്രസി.), ഡോ. സി. പത്മനാഭൻ (ജന.സെക്ര.), എ. നിശാന്ത്, പി. ഹരിദാസ്, ഡോ. വിപി. മാർക്കോസ്, ഡോ. ടി.ആർ. മനോജ് (സെക്ര.), ഡോ. കെ.ആർ. കവിത (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.