തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന ഉത്തരവിനെതിരേയും പൗരത്വനിയമ ഭേദഗതിക്കെതിരേയുമുണ്ടായ സമരങ്ങളിൽ എടുത്ത കേസുകൾ പിൻവലിക്കാനുള്ള സർക്കാർനടപടികൾ പെട്ടെന്ന് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഓരോ കേസും പ്രത്യേകം പരിശോധിച്ച് കോടതിയുടെ അനുമതിയോടെയേ പിൻവലിക്കാനാവൂ. ഗുരുതര ക്രിമിനൽസ്വഭാവമുള്ളത് ഒഴികെയുള്ള കേസുകൾ പിൻവലിക്കാൻ നടപടി വേഗത്തിലാക്കാൻ വീണ്ടും നിർദേശിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.