തലശ്ശേരി: ഒരുവിഭാഗം മാധ്യമങ്ങൾക്കെതിരേ രൂക്ഷവിമർശനവും ഉപദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരുവിഭാഗം വലതുപക്ഷമാധ്യമങ്ങൾ യു.ഡി.എഫിനെക്കാൾ മുകളിൽ എൽ.ഡി.എഫ്. സർക്കാരിനെതിരായി പ്രവർത്തിച്ചു. സർക്കാരിനെതിരായ ഗവേഷണത്തിലേർപ്പെട്ടു. സ്വാധീനം ഉപയോഗിച്ച് നാടിന്റെ കാര്യങ്ങൾ അവരാണ് തീരുമാനിക്കുകയെന്ന ഹുങ്കോടെയാണു പ്രവർത്തിച്ചത്. നാട് തങ്ങളുടെ കൈയിൽ ഒതുക്കിക്കളയാമെന്ന ധാരണയോടെ നീങ്ങി. അവർ പറയുന്നതെന്തും വിഴുങ്ങുന്നവരാണ് ജനങ്ങളെന്നു കരുതരുത്. നാടിന്റെ പുരോഗതി തടയാനാണു ശ്രമിച്ചത്.

നാടിന്റെ താത്പര്യം സംരക്ഷിക്കാനാണു ശ്രമിക്കേണ്ടതെന്ന് ഇനിയെങ്കിലും അവർ ആലോചിച്ചാൽ നല്ലത്. സർക്കാരിനെ വിമർശിക്കേണ്ടതിനെ വിമർശിക്കണം. പല അപസർപ്പകകഥകൾ കെട്ടിച്ചമച്ചു. വ്യക്തിപരമായ ആക്രമണങ്ങളുണ്ടായി. ഇതൊന്നും ജനങ്ങൾ അംഗീകരിക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവർ ആഗ്രഹിക്കുന്ന ഇടത്തേക്ക് എത്തിക്കാൻ ശ്രമിക്കരുതെന്നാണ് മാധ്യമമേലാളന്മാരോടു പറയാനുള്ളത്. ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ ശ്രമിക്കുകയാണു വേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു.

കുണ്ടറയിലെ തോൽവി ഒറ്റപ്പെട്ടത്

കുണ്ടറയിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ തോൽവിയിൽ ആഴക്കടൽ കരാറിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പാലായിലെ തോൽവിയുടെ കാര്യത്തിൽ ബി.ജെ.പി. വോട്ടുമറിച്ചതാണെന്ന് ജോസ് കെ. മാണി തന്നെ പറഞ്ഞിട്ടുണ്ട്. അക്കാര്യം പരിശോധിക്കും. മന്ത്രിസഭയിൽ പുതുമുഖങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.