തലശ്ശേരി: തിരഞ്ഞെടുപ്പുഫലം ജനങ്ങളുടെ വിജയമാണെന്നും മഹാവിജയം ജനങ്ങൾക്ക് വിനയപൂർവം സമർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജയത്തിന്റെ നേരവകാശികൾ ജനങ്ങളാണ്. മാറിമാറിവരുന്ന സർക്കാരുകളെ പരീക്ഷിക്കുന്നത് തിരുത്തുന്ന ചരിത്രപ്രാധാന്യമുള്ള വിജയമാണിതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തതോടെ നാടിന്റെ അവസ്ഥ അട്ടിമറിക്കാനുള്ള ശ്രമമുണ്ടായി. ജനം പൂർണമായി എൽ.ഡി.എഫിനൊപ്പം നിന്നതിനാലാണ് അവയെല്ലാം അതിജീവിക്കാൻ കഴിഞ്ഞത്. നാട് നേരിട്ട കെടുതികളും അതിന്റെ പ്രത്യാഘാതങ്ങളും അതിജീവിക്കാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾ കണ്ടതാണ്. അതിനാൽ നാടിന്റെ ഭാവിക്ക് എൽ.ഡി.എഫ്. തുടർഭരണം വേണമെന്ന് ജനം ചിന്തിച്ചു.

ഒട്ടേറെ പദ്ധതികൾ പൂർത്തിയാക്കാനുണ്ട്. എന്തെല്ലാം തൊഴിൽസാധ്യതയുണ്ടാക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു. എൽ.ഡി.എഫ്. ചെയ്യുന്നതേ പറയൂ, പറയുന്നത് നടപ്പാക്കുമെന്നും ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന വിഭാഗം അധികാരത്തിലുണ്ടാകണമെന്ന് അവർ ചിന്തിച്ചു. ക്ഷേമത്തോടെ ജീവിക്കാൻ തുടർഭരണം വേണമെന്നും ചിന്തിച്ചു.

ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപവത്കരിക്കുമെന്ന പ്രഖ്യാപനംവരെ ബി.ജെ.പി. നടത്തി. എന്നാൽ വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കാനല്ല യു.ഡി.എഫ്. തയ്യാറായത്. അതിനാൽ അവരുയർത്തിയ മുദ്രാവാക്യങ്ങളും ജനങ്ങൾ തള്ളി. യു.ഡി.എഫ്. നിലനിൽപ്പുപോലും ചോദ്യംചെയ്യപ്പെട്ടു. ഇക്കാര്യം കേരളം വിശദമായി ചർച്ചചെയ്യണം.

പദ്ധതികളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ വരുത്തി. വികസനത്തെ സ്തംഭിപ്പിക്കാൻ വരുമ്പോൾ ഒറ്റക്കെട്ടായി നിൽക്കുന്നതിന് പകരം അവരെ സഹായിക്കാനാണ് യു.ഡി.എഫ്. ശ്രമിച്ചത്. തിരഞ്ഞെടുപ്പുഫലം ഇതിനെല്ലാമുള്ള മറുപടിയാണ്. ജനങ്ങൾ നൽകിയ ഉറപ്പിൽ വികസന, ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.