തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന സമരത്തിൽ ചർച്ചയില്ലെന്നുസൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചെയ്യേണ്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും സമരത്തിന്‌ നേതൃത്വംനൽകുന്നവർതന്നെയാണ് സമരം അവസാനിപ്പിക്കുന്നതിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷസമരം ഉദ്യോഗാർഥികളുടെ താത്‌പര്യത്തിനുവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും നിയമനംകിട്ടണമെന്നും കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനംനടത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ പിന്തുണയ്ക്കാൻ ഒരു മുൻ മുഖ്യമന്ത്രിതന്നെ രംഗത്തുവന്നത് ആശ്ചര്യകരമാണ്.

psc ldf udf table

2020 ജൂണിൽ കാലാവധിതീർന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നാണ് ഒരാവശ്യം. കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെ പുനരുജ്ജീവിപ്പിക്കും? ലാസ്റ്റ് ഗ്രേഡ് സർവന്റ്സിന്റെ കാര്യത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് മൂന്നുവരെ നീട്ടി. ഏപ്രിൽ, മേയ് മാസങ്ങളിൽ റിട്ടയർമെന്റ്മൂലം വരുന്ന ഒഴിവുകളും ഇപ്പോഴത്തെ ലിസ്റ്റിലുള്ളവർക്ക് ലഭിക്കും.

നേരത്തേ സെക്രട്ടേറിയറ്റ്, പി.എസ്.സി., ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ ഭാഗമായിരുന്നു. അവയെ സെക്രട്ടേറിയറ്റ് സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുത്തിയത് യു.ഡി.എഫ്. കാലത്താണ്. അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരീക്ഷയ്ക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഒമ്പതുലക്ഷത്തോളംപേരാണ് അപേക്ഷിച്ചത്. ഏഴുലക്ഷത്തോളം അപേക്ഷകൾ സാധുവായി. അതിന്റെ നിയമനങ്ങൾ ഇനിയുള്ള നാളുകളിൽ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണം കൈയാളിയപ്പോൾ മാനദണ്ഡമില്ലാതെ താത്‌കാലികനിയമനവും സ്ഥിരപ്പെടുത്തലും നടത്തിയവരാണ് കുപ്രചാരണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾക്കനുസരിച്ചേ റാങ്ക്‌ലിസ്റ്റിലുള്ളവർക്ക് തൊഴിൽ നൽകാനാകൂ. കാര്യങ്ങൾ മനസ്സിലാക്കാനും തെറ്റായവഴിയിൽ ചലിക്കാതിരിക്കാനും പ്രക്ഷോഭകർക്കുകഴിയണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

പി.എസ്.സി.യെ നോക്കുകുത്തിയാക്കിയില്ല

പി.എസ്.സി.യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണത്തെ മുഖ്യമന്ത്രി വിമർശിച്ചു. സത്യം വിളിച്ചുപറയുന്ന കണക്കുകളാണ് ഇതിനുള്ള മറുപടിയെന്ന് പറഞ്ഞ അദ്ദേഹം ഇടതുസർക്കാരിന്റെ കാലത്ത് നടന്ന നിയമനങ്ങളും നിയമനനടപടികളും അക്കമിട്ടുനിരത്തി.

മാനദണ്ഡമില്ലാതെ കഴിഞ്ഞ സർക്കാർ 5910 പേരെ സ്ഥിരപ്പെടുത്തി. വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചത്. 10 വർഷത്തിലധികം സർവീസുള്ള പി.എസ്.സി.ക്കുവിടാത്ത തസ്തികകളിലേക്കുമാത്രമാണ് ഈ സർക്കാർ സ്ഥിരപ്പെടുത്തിയത് -മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പരാമർശിച്ച കണക്കുകൾ

റാങ്ക് ലിസ്റ്റുകൾ

എൽ.ഡി.എഫ്. സർക്കാർ 4012

യു.ഡി.എഫ്. സർക്കാർ 3113

തസ്തിക യു.ഡി.എഫ്. എൽ.ഡി.എഫ്.

എൽ.ഡി.സി. 17,711 19120

പോലീസ് നിയമനം 4796 13,825

എൽ.പി.എസ്.എ. 1630 7322

യു.പി.എസ്.എ. 802 4446

സ്റ്റാഫ് നഴ്‌സ് (ഹെൽത്ത്) 1608 3607

അസി.സർജൻ (ഹെൽത്ത്) 2435 3324

സ്റ്റാഫ് നഴ്‌സ് മെഡി. വിദ്യാഭ്യാസം 924 2200

സ്റ്റാർട്ടപ്പുകൾ

യു.ഡി.എഫ്. 300

എൽ.ഡി.എഫ്. 3900

തൊഴിൽ സംരംഭങ്ങൾ

യു.ഡി.എഫ്. 10,177

എൽ.ഡി.എഫ്. 30,176

ഐ.ടി. പാർക്കുകൾ

യു.ഡി.എഫ്. കാലത്ത് 85.1 ലക്ഷം ചതുരശ്രയടി

എൽ.ഡി.എഫ്.- 102.7 ലക്ഷം ചതുരശ്രയടി

യു.ഡി.എഫ്. സ്ഥിരപ്പെടുത്തിയ താത്കാലികക്കാർ- 5910

സംസ്ഥാനസർക്കാരിന്റെ പ്രത്യേക നടപടികൾ

* നിയമനശുപാർശകൾ 1,57,909

* തസ്തിക രൂപവത്കരണം 44,000

* ആദിവാസിമേഖലയിൽനിന്ന് പോലീസിലേക്കും എക്സൈസിലേക്കും സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്

* പോലീസ് കോൺസ്റ്റബിൾ പട്ടികയുടെ കാലാവധി കഴിയുന്നതിനുമുമ്പേ 2021 ഡിസംബർ വരെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തു

* വയനാട്, പാലക്കാട്, മലപ്പുറം മേഖലയിലെ ആദിവാസി വിഭാഗത്തിനായി 200 തസ്തികകൾ

* വനിതാബറ്റാലിയൻ രൂപവത്കരിച്ചു. 400 കോൺസ്റ്റബിൾ തസ്തികകൾ സൃഷ്ടിച്ചു.

* പോലീസിൽ 3971 സ്ഥിരം തസ്തികകളും 863 താത്‌കാലികതസ്തികകളും

* 100 ദിന കർമപരിപാടിയിലൂടെ ഒന്നാംഘട്ടത്തിൽ 1,21,083 തൊഴിലവസരങ്ങളും രണ്ടാംഘട്ടത്തിൽ 49,615 തൊഴിലവസരങ്ങളും