തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാർപദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. കെ-ഫോൺ പദ്ധതിയുൾപ്പെടെയുള്ളവയിൽ ഒരു കുത്തകയുടെയും വക്കാലത്തുമായി ആരും കേരളത്തിലേക്ക് വരേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഭരണ നിർവഹണത്തിൽ രാഷ്ട്രീയ നേതൃത്വത്തിന് ഒപ്പം നിൽക്കുന്ന ഉദ്യോഗസ്ഥർക്കുമേൽ ഒന്നൊഴികെയുള്ള എല്ലാ അന്വേഷണ ഏജൻസികളും വട്ടമിട്ട് പറക്കുകയാണ്. ഉദ്യോഗസ്ഥരെ നിസ്സംഗരാക്കുന്ന രീതിയാണ് കേന്ദ്ര ഏജൻസികൾ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതി ഇപ്പോഴും കൃത്യമായി നടക്കുന്നുണ്ട്. എന്തിനാണ് അതിന്റെ മെക്കിട്ട് കേറുന്നത്. അതിന്റെ ചുമതലക്കാരനെ തുടരെത്തുടരെ ചോദ്യം ചെയ്യുന്നു. എന്താണതിന്റെ ഉദ്ദേശ്യം. കെഫോൺ എന്ന പദ്ധതിയോടാണ് അവർക്ക് വിയോജിപ്പ്. ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ സ്വകാര്യ കമ്പനികളില്ലേ എന്നാണ് അവരുടെ മനസ്സിലിരിപ്പ്. ആ താത്പര്യവുംകൊണ്ട് അവിടെ ഇരുന്നാൽ മതി ഇങ്ങോട്ടു വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയിലും പ്രതിരോധം
കിഫ്ബിയെ എതിർക്കുന്നത് വികലമനസ്സുള്ളവരാണെന്ന് പ്രതിപക്ഷത്തിനുനേരെയുള്ള കുറ്റപ്പെടുത്തലായി അദ്ദേഹം പറഞ്ഞു. അതേസമയം, സി.എ.ജി.യിൽ രാഷ്ട്രീയം ആരോപിക്കാനോ, ഓഡിറ്റിനെ വിമർശിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല.
പുറത്തുനിന്ന് വരുമാനസ്രോതസ്സ് കണ്ടെത്തി വികസനം നടപ്പാക്കാനുള്ള സംവിധാനമായി കിഫ്ബിയെ വിപുലപ്പെടുത്തിയത് ഈ സർക്കാരാണ്. അതിന്റെ മാറ്റം എല്ലാമേഖലയിലും പ്രകടമായി. സ്കൂളുകൾക്ക് അന്തർദേശീയ നിലവാരം വന്നു. ആരോഗ്യസംവിധാനം മെച്ചപ്പെട്ടു. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ്. ഇതൊക്കെ കിഫ്ബിയിലൂടെയുണ്ടായതാണ്.- മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരേ സംഘപരിവാർ കേസ് നൽകുന്നു. കെ.പി.സി.സി. സെക്രട്ടറി അത് വാദിക്കാൻ ചെല്ലുന്നു. നല്ല ഐക്യം. ഇവരെ കേവലം വികസനവിരുദ്ധർ എന്ന് വിശേഷിപ്പിച്ചാൽ പോരാ, നാട് നന്നാവുന്നതിൽ അസ്വസ്ഥതയുള്ള ഹീനമനസ്സുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.