മറയൂർ: ബസിൽ ഇരിപ്പിടത്തിനായുള്ള തർക്കത്തിനൊടുവിൽ യാത്രക്കാരികൾ തമ്മിലടിച്ചു. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. മൂന്നാറിൽനിന്ന്‌ ഉദുമൽപ്പേട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിൽ മറയൂരിൽവെച്ചാണ് സംഭവം. ബസിൽ തിരക്കായിരുന്നു. മൂന്നാറിൽനിന്ന്‌ ഉദുമൽപ്പേട്ടയിലേക്ക്‌ ടിക്കറ്റ് എടുത്ത ദിണ്ഡികൽ സ്വദേശിയായ വീട്ടമ്മയ്ക്ക് മറയൂർവരെ സീറ്റ് കിട്ടിയില്ല. ഇവർ ഡ്രൈവറുടെ സമീപത്തുള്ള എൻജിൻ ബോക്സിന് മുകളിൽ ഇരിക്കാൻ ശ്രമിച്ചു.

മറയൂർ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാനെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കവും അടിപിടിയുമായി. പരസ്പരം മുടിയിൽ കുത്തിപ്പിടിക്കുകയും കൈയിൽ കടിക്കുകയും ചെയ്തു. ഇവരെ നിയന്ത്രിക്കാൻ യാത്രക്കാരും കണ്ടക്ടറും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ മറയൂർ അഡീഷണൽ എസ്.ഐ. അനിൽ കെ.കെ.യും സംഘവുമെത്തി രണ്ടുപേരെയും ബസിൽനിന്ന് ഇറക്കി. ബസ് സർവീസ് തുടർന്നു. 

Content Highlights: clash between two woman over a seating space in bus, both injured