മലപ്പുറം: ശബരിമലയിൽ കയറിയ സ്ത്രീകളെ ആളുകൾ എന്നാണ് പറയുന്നതെങ്കിലും പറയേണ്ട വാക്കുകൾ വേറെയാണെന്ന് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പദ്മനാഭൻ. പക്ഷേ, പറഞ്ഞാൽ കേസ് പിന്നാലെ വരുമെന്നതിനാൽ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കർമസമിതി പ്രവർത്തകരെ കള്ളക്കേസെടുത്ത് ജയിലിലടച്ചതിെനതിരേ എൻ.ഡി.എ. ജില്ലാ നേതൃത്വം നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം. ഇപ്പോൾ മലകറാൻവരുന്ന സ്ത്രീകളുടെ പിറകേയാണ്. പിണറായിക്ക് കിട്ടാൻപോകുന്ന പേര് നവോത്ഥാന നായകൻ എന്നായിരിക്കില്ല, നവോത്ഥാനഘാതകൻ എന്നായിരിക്കും. ആചാരങ്ങൾ മാറ്റാൻ ആചാരനുഷ്ഠാന വിദഗ്ധരുണ്ട്. അതിന് കോടതിക്ക് അധികാരമില്ലെന്നും പദ്മനാഭൻ പറഞ്ഞു.

എൻ.ഡി.എ. ജില്ലാ ചെയർമാൻ കെ. രാമചന്ദ്രൻ അധ്യക്ഷനായി. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി എം.എൻ. ഗിരി, കേരള കോൺഗ്രസ് ജില്ലാപ്രസിഡന്റ് സി.എം.കെ. മുഹമ്മദ്, ലിജോയ് പോൾ, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് ദാസൻ കോട്ടയ്ക്കൽ, പ്രദീപ് ചുങ്കപ്പള്ളി, അയ്യൂബ് മേലേടത്ത്, ഗീതാ മാധവൻ, എം.കെ. ദേവീദാസൻ, ഡോ. കുമാരി സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

content highlights: ck padmanabhan,sabarimala women entry,bjp