തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള അനുമതിപത്രമായാണ് രണ്ടാം എൻ.ഡി.എ. സർക്കാർ കണക്കാക്കുന്നതെന്ന് സി.ഐ.ടി.യു. ജനറൽ സെക്രട്ടറി തപൻസെൻ. റെയിൽവേ നിർമാണ യൂണിറ്റുകൾ സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള നീക്കം ഇതിൽ ആദ്യത്തേതാണ്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ-സ്വകാര്യവത്കരണ നടപടിക്കെതിരേ തൊഴിലാളി സംഘടനകളെ ഒന്നിപ്പിച്ച് ദേശീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം മോദി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ 42 പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവും ഓഹരിവില്പനയും പ്രഖ്യാപിച്ചതായി തപൻസെൻ പറഞ്ഞു. തീവണ്ടി യാത്രയ്ക്കുള്ള സബ്‌സിഡി ഒഴിവാക്കുകയും നിരക്ക് ഉയർത്താനുമാണ് നീക്കം. സാധാരണക്കാർക്ക് ജീവിക്കാനാകാത്ത സാമൂഹിക-സാമ്പത്തിക നയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞവേതനം 18,000 രൂപയാക്കണമെന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് തീരുമാനം കേന്ദ്രം അവഗണിച്ചു. 178 രൂപ കുറഞ്ഞ വേതനമായി നിശ്ചയിക്കാനാണ് തീരുമാനം. കേന്ദ്രഭരണ പ്രദേശങ്ങളിലടക്കം 31 സ്ഥലങ്ങളിൽ ഈ നിരക്ക് പ്രഖ്യാപിച്ചു. ഇതിനെതിരേ ദേശീയ പ്രക്ഷോഭമല്ലാതെ തൊഴിലാളികൾക്ക് മറ്റ് മാർഗമില്ല. എ.ഐ.ടി.യു.സി. ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകളുമായി ഇത് ചർച്ചചെയ്തതായും തപൻസെൻ പറഞ്ഞു.

റെയിൽവേ സ്വകാര്യ വത്കരണത്തിനെതിരെ ഓഗസ്റ്റ് 14-ന് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. പൊതുമേഖലാ സ്വകാര്യവത്കരണ നയത്തിനെതിരേയുള്ള സമരത്തിന്റെ തുടക്കമെന്ന നിലയിലാണ് മാർച്ച്. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

content highlights: tapan sen, CITU, CPIM