തൃശ്ശൂർ: പൗരത്വനിയമഭേദഗതിയെച്ചൊല്ലി കേരളവർമ കോളേജിൽ എസ്.എഫ്.ഐ.-എ.ബി.വി.പി. സംഘർഷം. കോളേജിനുള്ളിൽ എ.ബി.വി.പി. പ്രവർത്തകരെ എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മൂന്ന് എ.ബി.വി.പി. പ്രവർത്തകരെയും രണ്ട് എസ്.എഫ്.ഐ. പ്രവർത്തകരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.ബി.വി.പി.യുടെ പരാതിയിൽ കണ്ടാലറിയാവുന്ന 20 എസ്.എഫ്.ഐ. പ്രവർത്തകരുടെ പേരിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തു.

എ.ബി.വി.പി. കേരളവർമ യൂണിറ്റ് സെക്രട്ടറി ഐ.ആർ. രാഹുൽ (23), വൈസ് പ്രസിഡന്റ് സി.എസ്. ആരോമൽ, അക്ഷയ്‌കൃഷ്ണൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ. പ്രവർത്തകരായ പി.ടി. ശ്രീരാഗ് (20), വി. സൂരജ് (19) എന്നിവരെ തൃശ്ശൂർ കോ-ഒാപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്‌ച കേരളവർമയിലെ എ.ബി.വി.പി. യൂണിറ്റ്, പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സെമിനാർ നടത്താൻ ശ്രമിച്ചിരുന്നു. ഇത് എസ്.എഫ്.ഐ. തടഞ്ഞു. അധികൃതരുടെ അനുമതിയോടെ നടത്താൻ നിശ്ചയിച്ച സെമിനാർ തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച കോളേജിൽ സമരത്തിന് എ.ബി.വി.പി. ആഹ്വാനം ചെയ്തിരുന്നു.

ഇതിനിടെയാണ് ബുധനാഴ്‌ച രാവിലെ കാമ്പസിനുള്ളിലെത്തിയ സി.എസ്. ആരോമലിനെ എസ്.എഫ്.ഐ. പ്രവർത്തകർ സംഘംചേർന്ന് ആക്രമിച്ചത്‌. ഇതിൽ പ്രതിഷേധിച്ച് ക്ലാസുകൾതോറും പ്രചാരണം നടത്തുന്നതിനിടെയാണ് ഐ.ആർ. രാഹുലിനെയും അക്ഷയ്‌കൃഷ്‌ണനെയും ആക്രമിച്ചത്. ഇരുമ്പുവടി, കല്ല്, മരപ്പട്ടിക എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇരുവരും പറഞ്ഞു.

എസ്.എഫ്.ഐ. പ്രവർത്തകനും സുവോളജി അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീരാജിനും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായ സൂരജിനും കൈയ്ക്കാണ് പരിക്ക്‌.

Content Highlights: Citizenship Amendment act SFI-ABVP Conflict in Kerala Varma