: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങൾ സർക്കാരിനെതിരായിട്ടാണോ അതോ ബി.ജെ.പി.ക്കെതിരായിട്ടാണോ?

സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തുന്നതു തടയാനുള്ള ശ്രമമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൗരത്വനിയമ ഭേദഗതി ഒരു രീതിയിലും ഇന്ത്യയിലെ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെടുന്ന ഒരു പൗരനെയും ബാധിക്കുന്നതല്ല. ഇക്കാര്യം പ്രധാനമന്ത്രി ഉൾപ്പെടെ കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്. ആറു രാജ്യങ്ങളിൽനിന്ന് പീഡിപ്പിക്കപ്പെട്ട് പുറത്താക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ളതാണ് ഈ നിയമം.

എന്തുകൊണ്ടാണ് ഈ നിയമം ഇത്രയധികം പ്രതിഷേധത്തിന് ഇടയാക്കിയത്?

ഇത് ന്യൂനപക്ഷ വോട്ടുബാങ്കിനെ ഒരു പുതിയ ദിശയിലേക്കു മാറ്റാൻ പ്രധാന പാർട്ടികൾ നടത്തിയ തന്ത്രമായി കാണേണ്ടിവരും. കാരണം സർക്കാരിന്റെ പദ്ധതികളെല്ലാം എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ്. ഇക്കാര്യത്തിൽ സർക്കാർ ഒരിക്കൽപ്പോലും വേർതിരിവ് കാട്ടിയിട്ടില്ല. ഉജ്ജ്വല യോജന, ആയുഷ്മാൻ ഭാരത്, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും എല്ലാവരാലും ഒരേ രീതിയിൽ സ്വീകരിക്കപ്പെട്ടവയാണ്. മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എത്രയോ മുസ്‌ലിം വനിതകൾ ആശ്വാസം കണ്ടെത്തിയെന്നതും നമുക്ക് അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ പ്രതിഷേധിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യംചെയ്യുന്നില്ല. പക്ഷേ, അക്രമരൂപത്തിലുള്ള പ്രതിഷേധം വരുമ്പോൾ അതിനുപിന്നിൽ ഒരു അജൻഡ ഉണ്ടോയെന്നു സർക്കാർ സംശയിക്കുകയാണ്.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുന്നോടിയാണ് പൗരത്വനിയമ ഭേദഗതി എന്നു സംശയമുണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് എന്താണു പറയാനുള്ളത്?

എൻ.ആർ.സി. എന്നത് ബി.ജെ.പി. സർക്കാരിന്റെ പദ്ധതിയല്ല. പി. ചിദംബരം അവതരിപ്പിക്കുകയും മൻമോഹൻ സിങ് ഉൾപ്പെടെ പല നേതാക്കളും ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുള്ളതാണ്. എൻ.ആർ.സി. എന്നെങ്കിലും വരികയാണെങ്കിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചു മാത്രമേ നടപ്പാക്കൂ.

ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും ഭീതിയുയർന്നിട്ടുണ്ടല്ലോ?

യാതൊരു ഭീതിക്കും അടിസ്ഥാനമില്ല. ഇന്ത്യയിലെ പൗരൻമാർക്ക് വോട്ടുചെയ്യാൻ ഒരു വോട്ടർ ഐ.ഡി. വേണം. വോട്ടേഴ്‌സ് ഐ.ഡി. എടുക്കുമ്പോഴും പാസ്പോർട്ട് എടുക്കുമ്പോഴും ആധാർകാർഡ് എടുക്കുമ്പോഴും നൽകുന്ന വിവരങ്ങൾക്കപ്പുറം ഒരു വിവരങ്ങളും ജനസംഖ്യാ രജിസ്റ്ററിനുവേണ്ടി ചോദിച്ചിട്ടില്ല. പിന്നെന്താണ് ഈ സംശയങ്ങൾക്കാധാരം. അതിനുപിന്നിൽ രാജ്യത്തെ മുസ്‌ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തികളാണ്. ഉത്തർപ്രദേശിൽപ്പോലും കേരളത്തിൽനിന്നുള്ള പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം ‘തുക്കടേ തുക്കടേ ഗ്യാംഗു’കളെ ഒരുരീതിയിലും സർക്കാർ അംഗീകരിക്കില്ല.

നഷ്ടമായ വിശ്വാസം വീണ്ടെടുക്കാൻ ബി.ജെ.പി. എന്തുചെയ്യും?

പ്രധാനമന്ത്രിതന്നെ തുടങ്ങിയ ബോധവത്കരണ പ്രചാരണ പരിപാടികളാണ് ഇതിനുള്ള മറുപടി. ഞങ്ങൾ ചർച്ചകൾക്കു തയ്യാറാണ്. പക്ഷേ, ആരുമായാണ് ചർച്ചകൾ നടത്തുക. ഈ ആൾക്കൂട്ടത്തിന് ഒരു മുഖമോ ഒരു നേതാവോ ഇല്ലല്ലോ. അതിനായി ഞങ്ങൾ കാത്തിരിക്കും. ചർച്ചകൾക്കു തയ്യാറായി ആരു മുന്നോട്ടുവന്നാലും ഞങ്ങൾ തയ്യാറാണ്. പക്ഷേ, അത് ആത്മാർഥമായിരിക്കണമെന്നുമാത്രം.

Content Highlights: Citizenship Amendment Act Protest-Ravi shankar prasad