തിരുവനന്തപുരം: പൗരത്വനിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് രാഷ്ട്രീയനിലപാട് എന്നതിനപ്പുറം നിയമപരമായ നിലനില്പില്ലെന്ന് വിലയിരുത്തൽ. ബംഗാൾ, കേരള സർക്കാരുകളാണ് പൗരത്വനിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചത്. ബില്ലിനോടുള്ള എതിർപ്പ് തീവ്രമായി പ്രതിഫലിപ്പിക്കാൻ ഈ നിലപാടിനാകും. എന്നാൽ, സംസ്ഥാനം യോജിച്ചാലും ഇല്ലെങ്കിലും പാർലമെന്റ് പാസാക്കുന്ന നിയമം രാജ്യത്തിനാകെ ബാധകമാണ്.

പാർലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങൾക്ക് ബാധകമാണെന്ന് ഭരണഘടനയുടെ 256-ാം അനുച്ഛേദം നിഷ്കർഷിക്കുന്നു. 257-ൽ കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനഭരണം തടസ്സംനിൽക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നു.

ഏതെങ്കിലും കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനം തടസ്സംനിൽക്കുകയോ അത് നടപ്പാക്കാൻവരുന്ന ഉദ്യോഗസ്ഥനെ തടയുകയോ ചെയ്താൽ സംസ്ഥാനത്തിന് കർശന നിർദേശം നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നിട്ടും തടസ്സംതുടർന്നാൽ സംസ്ഥാനസർക്കാരിനെ പിരിച്ചുവിടാൻപോലും ഇത് കാരണമാക്കാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

കേന്ദ്രനിയമം നടപ്പാക്കില്ലെന്ന നിലപാട് സത്യപ്രതിജ്ഞാലംഘനവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാകുമെന്ന വ്യാഖ്യാനവും നിയമജ്ഞർ ഉയർത്തുന്നു. പൗരത്വത്തിനായുള്ള അപേക്ഷയ്ക്ക് സംസ്ഥാനസർക്കാർ തടസ്സംനിന്നാൽ അപേക്ഷകന് കോടതിവഴി നിയമപരമായ പരിരക്ഷ ലഭിക്കുകയും ചെയ്യും.

ഭരണഘടനയുടെ മൗലികസ്വഭാവംതന്നെ ഇല്ലാതാക്കുന്നതാണ് പൗരത്വനിയമമെന്നാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം. ഈ നിയമത്തിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥയ്ക്കെതിരേ കോടതിയെ സമീപിക്കാൻ സംസ്ഥാനസർക്കാരിന് അവകാശമുണ്ട്.

പുതിയ പൗരത്വനിയമത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ട ഒരു കേസ് ഉടനടി കേരളത്തിൽ വരാനുള്ള സാധ്യതയില്ലെന്നാണു വിലയിരുത്തൽ. അയൽരാജ്യങ്ങളിൽനിന്ന് മതപരമായ വിവേചനംമൂലം പലായനം ചെയ്യേണ്ടിവന്ന നിശ്ചിത ന്യൂനപക്ഷവിഭാഗങ്ങൾ കേരളത്തിൽ വന്ന് താമസിക്കുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള വിഷയമായതിനാൽ കേരളത്തിൽ പൗരത്വനിയമത്തെ അടിസ്ഥാനമാക്കി ഇതിനോടകം പോരാട്ടമുഖം തുറന്നുകഴിഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും പൗരത്വനിയമത്തിനെതിരേ ഒന്നിച്ചുള്ള പോരാട്ടത്തിനുവരെ തയ്യാറായി.

എതിരുനിന്നാൽ 356-ാം വകുപ്പ്

കേന്ദ്രനിയമം നടപ്പാക്കാൻ ഏതെങ്കിലും സംസ്ഥാനം തടസ്സംനിന്നാൽ സംസ്ഥാനസർക്കാരിനെ പിരിച്ചുവിടാനുള്ള 356-ാം വകുപ്പ് പ്രയോഗിക്കാനുള്ള കാരണമായിപ്പോലും അത് മാറാം. പാർലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങൾക്കു ബാധകമാണെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ല.

-എം.ആർ. അഭിലാഷ്, സുപ്രീംകോടതി അഭിഭാഷകൻ

പൗരത്വം: അപേക്ഷ നൽകേണ്ടത് കളക്ടർക്ക്

ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകേണ്ടത് കളക്ടർക്കാണ്. സ്ഥിരതാമസക്കാരനാണെന്നു തെളിയിക്കുന്ന രേഖകളടക്കം പരിശോധിച്ച് കളക്ടർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകണം. സംസ്ഥാനസർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഇതയക്കും. കേന്ദ്രസർക്കാർ അപേക്ഷ സ്വീകരിക്കുകയും പൗരത്വത്തിന് അർഹതയുണ്ടെന്നു വ്യക്തമാക്കി കത്തുനൽകുകയും ചെയ്താൽ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വമുണ്ടെങ്കിൽ അതുപേക്ഷിക്കണം. ഇതിന്റെ രേഖ ഹാജരാക്കിക്കഴിയുമ്പോഴാണ് ഇന്ത്യൻ പൗരനാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കുക.

അപേക്ഷയിലുള്ള തീരുമാനം നീട്ടിക്കൊണ്ടുപോകാനാകില്ല. ഓരോഘട്ടത്തിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന് അപേക്ഷ താമസിപ്പിക്കാനോ നിരസിക്കാനോ കഴിയില്ല.

Content Highlights: citizenship act; states cant stand against the rule