കൊച്ചി: കോവിഡ് ലോക്ഡൗണിലെ പത്തുമാസത്തോളം നീണ്ട അടച്ചിടലിനുശേഷം സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ബുധനാഴ്ച തുറന്നു. വിജയ് നായകനായ തമിഴ് ചിത്രം ‘മാസ്റ്റർ’ ആയിരുന്നു വെള്ളിത്തിരയിൽ തെളിഞ്ഞത്. 670 സ്‌ക്രീനുകളുള്ള കേരളത്തിലെ 450-ഓളം സ്‌ക്രീനുകളിലാണ് ബുധനാഴ്ച പ്രദർശനം നടന്നത്. എല്ലാ തിയേറ്ററുകളിലും 50 ശതമാനം കാണികളെയാണ് പ്രവേശിപ്പിച്ചത്. അടുത്തയാഴ്ച മലയാള ചിത്രമായ ‘വെള്ളം’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

രാവിലെ ഒമ്പതുമണിക്കാണ് ആദ്യ പ്രദർശനം തുടങ്ങിയത്. പ്രൊജക്ടറിലെ തകരാർമൂലം കോഴിക്കോട് രണ്ടു തിയേറ്ററുകളിൽ പ്രദർശനം രാവിലെ തുടങ്ങാനായില്ല. തലശ്ശേരിയിൽ സ്ത്രീകൾക്കു മാത്രമായും പ്രദർശനമുണ്ടായിരുന്നു. മിക്ക തിയേറ്ററുകളും ജാഗ്രതയും സാമൂഹിക അകലവും ഉറപ്പാക്കുന്നതിന് പോലീസിന്റെ നിരീക്ഷണവുമുണ്ടായിരുന്നു. രാത്രി ഒമ്പതുവരെയായി മൂന്നു പ്രദർശനങ്ങളാണ് ആദ്യദിനത്തിൽ നടന്നത്.