കൊച്ചി: കോവിഡ് ലോക്ഡൗണിനുശേഷം മലയാളത്തിന്റെ വെള്ളിത്തിര ബുധനാഴ്ച വീണ്ടും തെളിയും. വിജയിന്റെ തമിഴ്‌ ചിത്രമായ ‘മാസ്റ്റർ’ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം. അടുത്തയാഴ്ച മലയാളചിത്രമായ ‘വെള്ളം’ ഉൾപ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതൽ സ്ക്രീനുകളിൽ പ്രദർശനമുണ്ടാകും.

പൂപ്പൽമുതൽ പ്രൊജക്ടർവരെ

വലിയൊരു ഇടവേളയ്ക്കുശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടാനുണ്ടായിരുന്നുവെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു. ‘ഇത്രയുംകാലം അടച്ചിട്ട തിയേറ്ററുകളിലെ പ്രൊജക്ടർ, ജനറേറ്റർ, എ.സി. തുടങ്ങിയവയെല്ലാം മിക്കയിടങ്ങളിലും കേടായനിലയിലായിരുന്നു. എ.സി. തിയേറ്ററുകളുടെ ഭിത്തിയും സീറ്റുകളും പൂപ്പൽപിടിച്ചു. വീണ്ടും തിയേറ്റർ തുറന്നു പ്രവർത്തിക്കാൻ മൂന്നുലക്ഷംമുതൽ അഞ്ചുലക്ഷം രൂപവരെ ചെലവായതായി തിയേറ്റർ ഉടമകളുടെ സംഘടനായ ‘ഫിയോക്’ ജനറൽ സെക്രട്ടറി എം.സി. ബോബി പറഞ്ഞു.

എല്ലാ തിയേറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുക. ഇതിനായി ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കുംവിധം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ജീവനക്കാർക്കും കാണികൾക്കും ഗ്ലൗസും സാനിറ്റൈസറും നൽകാനും സജ്ജീകരണമായി.

ജനങ്ങൾ തിയേറ്ററിലേക്കു എത്രയെത്തുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രമായിട്ടില്ല. മലയാള ചിത്രങ്ങൾ കൂടുതലായി എത്തുമ്പോഴായിരിക്കും കാണികളുടെ യഥാർഥനിലപാട് വ്യക്തമാകുകയെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.

കാത്തിരുന്നു കാണണം

മുഖ്യമന്ത്രി തന്ന ഉറപ്പുകളിൽ വിശ്വസിച്ചാണ് തിയേറ്ററുകൾ തുറക്കുന്നത്. തിയേറ്ററുകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫിലിംചേംബർ പരമാവധി കാര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. ഇനിയെല്ലാം ജനങ്ങളുടെ കൈയിലാണ്. -കെ. വിജയകുമാർ, കേരള ഫിലിം ചേംബർ പ്രസിഡന്റ്

ത്രില്ലോടെ കാത്തിരിക്കുന്നു

ഒ.ടി.ടി. പ്ലാറ്റ്‌ഫോം വേണ്ടെന്നുവെച്ച് ആരാധകരുടെ കൂടെനിന്ന വിജയിന്റെ ചിത്രം സൂപ്പർ ഹിറ്റാകുമെന്നതിൽ സംശയമില്ല. സിനിമയുടെ തിരിച്ചുവരവിനായി ത്രില്ലോടെ കാത്തിരിക്കുകയാണ് ഞങ്ങളെല്ലാം.-സനൂപ് യൂസഫ്, വിജയ് ഫാൻസ് അസോസിയേഷൻ കോ-ഓർഡിനേറ്റർ