തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഉടനെ തുറക്കില്ല. വ്യാഴാഴ്ച ചലച്ചിത്ര, തിയേറ്റർ മേഖലകളിലെ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. അനുകൂല സാഹചര്യമല്ലാത്തതിനാൽ തിയേറ്ററുകൾ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. സമാനനിലപാടായിരുന്നു സംഘടനകൾക്കും.

കോവിഡ് തുടരുന്നതിനാൽ തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതാണ് നല്ലതെന്ന് ബുധനാഴ്ച ഫിലിം ചേമ്പർ യോഗവും വിലയിരുത്തിയിരുന്നു. ചലച്ചിത്രവികസന കോർപ്പറേഷൻ വിളിച്ച യോഗത്തിലും ഇതേനിലപാടായിരുന്നു സംഘടനകൾ.

നേരത്തേ ഉന്നയിച്ച ആവശ്യങ്ങൾ സംഘടനാപ്രതിനിധികൾ മുഖ്യമന്ത്രിയുടെ യോഗത്തിലും ആവർത്തിച്ചു. ജി.എസ്.ടി. സ്ലാബ് മാറ്റം, നികുതിയിളവ്, പ്രത്യേക പാക്കേജ് എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. മാതൃകാപെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇവ പിന്നീട് പരിഗണിക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാരായ എ.കെ. ബാലൻ, എം.എം. മണി, ടി.പി. രാമകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോർജ്, ചലച്ചിത്രവികസന കോർപ്പറേഷൻ എം.ഡി. എൻ. മായ, സിനിമാസംഘടനകളെ പ്രതിനിധീകരിച്ച് എം. രഞ്ജിത്, എ. സുരേഷ്‌കുമാർ (പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ), കെ. വിജയകുമാർ, വി.സി. ജോർജ് (ഫിലിം ചേമ്പർ), സിയാദ് കോക്കർ (ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ), എം.സി. ബോബി (ഫിയോക്), ഷാജി വിശ്വനാഥൻ, പോളി (എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ), നന്ദകുമാർ (എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ) തുടങ്ങിയവർ പങ്കെടുത്തു.