കട്ടിലപ്പൂവം(തൃശ്ശൂർ): പള്ളി വികാരിയുടെ ആക്രമണത്തിൽ സഹവികാരിക്ക് പരിക്ക്. കട്ടിലപ്പൂവം യാക്കോബായ സുറിയാനി പള്ളിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരുവരും തമ്മിൽ ദീർഘനാളായി തുടരുന്ന തർക്കമാണ് ഏറ്റുമുട്ടലിലേക്കെത്തിയതെന്നാണറിയുന്നത്.

സഹവികാരി അമേരിക്കയിലുള്ള ബന്ധുവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ വികാരിയച്ചൻ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് വയറ്റിൽ അടിക്കുകയായിരുന്നുവത്രേ. സംസാരിക്കുന്നതിനിടെ ഫോണിൽ ബഹളം കേട്ട ബന്ധു നാട്ടിലേക്ക് ഫോൺ വിളിച്ചറിയിച്ചാണ് പരിക്കേറ്റ സഹവികാരിയെ ആശുപത്രിയിലെത്തിച്ചത്.

സംഭവമറിഞ്ഞ് എത്തിയപ്പോഴേക്കും സഹവികാരിയെ നാട്ടുകാർചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നതായി വിയ്യൂർ എസ്.ഐ. ഡി. ശ്രീജിത്ത് പറഞ്ഞു.

വയറിന് ചതവേറ്റ സഹവികാരി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതി ലഭിക്കാത്തതിനാൽ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അതിനിടെ വിശ്വാസികൾ ശനിയാഴ്ച യോഗം കൂടി ഇരുവർക്കെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ടു.